തുമ്പൂർമുഴി മാലിന്യസംസ്കരണ യൂണിറ്റ്.
വൈക്കം: ശാസ്ത്രീയവും ഫലപ്രദവുമായുള്ള ജൈവമാലിന്യ സംസ്കരണത്തിനായി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ വൈക്കം നഗരസഭ രണ്ടു സ്കൂളുകളിൽ തുമ്പൂർമുഴി മാതൃകയിലുള്ള ജൈവമാലിന്യ സംസ്കരണ യൂണിറ്റുകളൊരുങ്ങുന്നു.
ലോകബാങ്കിന്റെ ധനസഹായത്തോടെ കെഎസ്ഡബ്ല്യുഎംപി നടപ്പാക്കുന്ന പദ്ധതിയിൽനിന്നുള്ള 14.41 ലക്ഷം രൂപ ഉപയോഗിച്ചാണ് തെക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവടങ്ങളിലാണ് തുമ്പൂർമുഴി മാലിന്യസംസ്കരണ യൂണിറ്റുകൾ നിർമിക്കുന്നത്.
2026ലെ ഖരമാലിന്യ പരിപാലന നിയമപ്രകാരം എല്ലാ സ്കൂളുകളും വൻകിട മാലിന്യ ഉത്പാദക വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ ജൈവമാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ ശാസ്ത്രീയമായി സംസ്കരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
സ്കൂളുകളിലെ തുമ്പൂർമുഴി യൂണിറ്റുകളിൽ പ്രതിദിനം 20 കിലോഗ്രാം വീതം ആകെ 40 കിലോഗ്രാം ജൈവമാലിന്യം സംസ്കരിക്കാൻ കഴിയും. ഒരു കമ്പോസ്റ്റിംഗ് ബിൻ പൂർണമായി നിറയാൻ ഏകദേശം 35 ദിവസം ആവശ്യമാണ്. ഇവ ജൈവവളമായി മാറുന്നതിന് 70 മുതൽ 80 ദിവസം വരെ വേണ്ടിവരും. ഉത്പാദിപ്പിക്കുന്ന ജൈവവളം സ്കൂൾ കാമ്പസിലെ പച്ചക്കറി കൃഷി, പൂന്തോട്ട പരിപാലനം, മറ്റു ഹരിത പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
തുമ്പൂർമുഴി യൂണിറ്റുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി നഗരസഭാ ഹാളിൽ നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തറിന്റെ അധ്യക്ഷതയിൽ കൺസൾട്ടേഷൻ യോഗം ചേർന്നു. വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, നഗരസഭാ സെക്രട്ടറി ആർ. രഞ്ജിത് നായർ, കൗൺസിലർമാരായ ബി. രാജശേഖരൻ, സോണി സണ്ണി, ഗീത പുരുഷൻ, ഡി. രഞ്ജിത്ത്കുമാർ, ക്ലീൻ സിറ്റി മാനേജർ വൈ.ജെ. സുനിമോൾ, എൻ.ആർ. രാജീവ്, ബോബി ജേക്കബ്, അബിൽ മോഹൻ, എസ്. ശരണ്യ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvisesham DistrictNews DeepikaNews