ചമ്പക്കുളം: നെടുമുടി കരുവാറ്റ റോഡിൽ അപകടങ്ങളുടെ ഘോഷയാത്ര. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ നാല് അപകടങ്ങളാണ് ഈ റോഡിൽ നടന്നത്. ഏറ്റവും അവസാനമായി പടഹാരം പാലത്തിന് വടക്കായി തെക്കുനിന്ന് പാലം ഇറങ്ങി വന്ന കാർ വഴി യാത്രക്കാരനെ ഇടിച്ച് പരിക്കേൽപ്പിക്കുകയും റോഡ് സൈഡിൽ സൂക്ഷിച്ചിരുന്ന മിക്സിംഗ് മെഷിൻ ഇടിച്ച് തെറുപ്പിക്കുകയും ഉണ്ടായി. പരിക്കേറ്റ വഴിയാത്രക്കാരൻ വണ്ടാനം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കാർ യാത്രക്കാർക്കും ചെറിയതോതിൽ പരിക്കു പറ്റി.
ചമ്പക്കുളം സെന്റ് തോമസ് യുപി സ്കൂളിന് വടക്കുവശത്തായി മത്സര ഓട്ടം നടത്തിയ രണ്ട് ഇരുചക്രവാഹനങ്ങൾ സ്കൂൾ കുട്ടികളെ എടുക്കാൻ വന്ന ഓട്ടോ ടാക്സിയിൽ ഇടിച്ച് അപകടത്തിൽപ്പെട്ടതും കഴിഞ്ഞ ദിവസമായിരുന്നു. സ്കൂൾ കുട്ടികളുമായി പോകുന്ന അവസരത്തിലായിരുന്നു അപകടമെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു.
നെടുമുടി പഞ്ചായത്ത് ജംഗ്ഷനിൽ കഴിഞ്ഞദിവസം തന്നെ ഒരു സ്ത്രീ ഓടിച്ച കാർ സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയിരുന്നു. സ്ഥിരമായി ആളുകളും വഴിയോരക്കച്ചവടക്കാരും ഉണ്ടാകാറുള്ള ഇടത്ത് അപകടം നടന്നത്. നെടുമുടി പൂപ്പള്ളിയിൽനിന്ന് തുടങ്ങി പടഹാരം പാലം വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരം റോഡ് മികച്ചതായതിനാൽ വാഹനങ്ങളിൽ എത്തുന്നവർ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
എട്ടോളം സ്കൂളുകളും നിരവധി പൊതുസ്ഥാപനങ്ങളും ഈ ഭാഗത്ത് പ്രവർത്തിക്കുന്നത് ഇവിടെ തിരക്ക് വർധിപ്പിക്കുന്നു. റോഡിൽ അപകടമുന്നറിയിപ്പുകൾ ഇല്ലാത്തതും ചമ്പക്കുളം ബസിലിക്ക മുതൽ നെടുമുടി ഗ്രാമപഞ്ചായത്ത് ജംഗ്ഷൻവരെയുള്ള 750 മീറ്റർ ദൂരം റോഡ് ഇടുങ്ങിയതായതും ആപകടസാധ്യത വർധിപ്പിക്കുന്നു. ചമ്പക്കുളം, പടഹാരം, കഞ്ഞിപ്പാടം പാലങ്ങൾ കടന്ന് എത്തുന്ന വാഹനങ്ങളെല്ലാം ഈ ഭാഗത്ത് കൂടിയാണ് കടന്നുപോകേണ്ടത്.
ബിഎസ്എൻഎൽ ജംഗ്ഷന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനും വാങ്ങാനും എത്തുന്നവരുടെ വാഹന ങ്ങൾ റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്യുന്നതും റോഡിലെ തിരക്ക് വർധിപ്പിക്കാറുണ്ട്.
ആവശ്യമായ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും റോഡിലേക്ക് ഇറക്കിയുള്ള പാർക്കിംഗ് ഒഴിവാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതോടൊപ്പം അമിത വേഗതയിലെത്തുന്ന വാഹനങ്ങൾക്കെിരേ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പടുന്നു.
Tags : Nedumudi-Karuwatta road Nattuvishesham Distric News