ചങ്ങനാശേരി: പെരുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ വഴികാട്ടി സൗജന്യ പ്രഥമശുശ്രൂഷ കേന്ദ്രം പ്രവര്‍ത്തനം നിലച്ചിട്ടു വര്‍ഷങ്ങള്‍ പിന്നിടുന്നു. നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്റെ നേതൃത്വത്തില്‍ പെരുന്ന ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ സബ് സെന്ററായാണ് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ വഴികാട്ടി പ്രവര്‍ത്തിച്ചിരുന്നത്.
മൂന്നുവര്‍ഷക്കാലം ഈ സ്ഥാപനം ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്തതയും വൈദ്യുതി കണക്ഷൻ കട്ട് ചെയ്തതും മൂലം ഈ ചികിത്സാ കേന്ദ്രം പൂട്ടുകയായിരുന്നു.
യാത്രയ്ക്കെത്തുന്ന രോഗികള്‍ക്കുള്‍പ്പെടെ പെട്ടെന്ന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഫസ്റ്റ് എയ്ഡ് എന്ന നിലയില്‍ ഈ ചികിത്സാ കേന്ദ്രം ഉപകാരമായിരുന്നു. ബിപി, പ്രമേഹം, ബിഎംഎ, ഒആര്‍എസ് പാനീയം, നെബുലൈസേഷന്, പാരസെറ്റാമോള്‍ തുടങ്ങിയ ഗുളികകളുടെ വിതരണം, ക്ലോറിനേഷനുവേണ്ടിയുള്ള ബ്ലീച്ചിംഗ് പൗഡര്‍ വിതരണം എന്നിവ ഇവിടെ ലഭ്യമായിരുന്നു.
ഇവകൂടാതെ ജീവിതശൈലി രോഗ നിര്‍ദേശങ്ങള്‍, ജനനി സുരക്ഷ യോജന അമ്മയും കുഞ്ഞും പദ്ധതി, ഭൂമിക, ആരോഗ്യകിരണം സംബന്ധിച്ച പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും ഇവിടെ ലഭ്യമായിരുന്നു. രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം നാലുവരെ ഈ കേന്ദ്രത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ലഭിച്ചിരുന്നു. എന്നാല്‍ ഈ കേന്ദ്രത്തിന്റ പ്രവര്‍ത്തനങ്ങള്‍ ഇപ്പോൾ നിലച്ചിരിക്കുകയാണ്.
വഴികാട്ടി പുനരാരംഭിക്കണം
നഗരസഭ നിര്‍മിച്ചു നല്കിയ കാബിനിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കാബിന് ആവശ്യത്തിന് സൗകര്യമില്ലാത്തതും ജീവനക്കാര്‍ക്ക് കുടിക്കാന്‍ വെള്ളവും പ്രാഥമിക സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലമാണ് ഈ കേന്ദ്രം നിര്‍ത്തലാക്കിയതെന്നാണ് സൂചന ലഭിക്കുന്നത്.
ഈ കേന്ദ്രം പുനരാരംഭിക്കാന്‍ നഗരസഭാധികൃതര്‍ ശ്രദ്ധിച്ചാല്‍ നൂറുകണക്കിനു യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും വ്യാപാരികള്‍ക്കും തൊഴിലാളികൾക്കും ഉപകാരപ്പെടും.
പരിഗണിക്കും
പെരുന്ന ബസ് സ്റ്റാന്‍ഡിന്റെ നവീകരണത്തിനുള്ള നടപടികള്‍ നടന്നുവരികയാണ്. ഇതോടനുബന്ധിച്ച് വഴികാട്ടി ചികിത്സാ കേന്ദ്രം പുനരാരംഭിക്കുന്ന കാര്യം പരിശോധിക്കും.
ജോമി ജോസഫ്,മുനിസിപ്പല്‍ ചെയര്മാന്കുഞ്ഞുമോന് പുളിമൂട്ടില്‍,ആരോഗ്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയര്മാന്.
Tags : nattu vishesham Vajikatti operation