കണ്ണൂർ: റെയിൽവേയുമായി ബന്ധപ്പെട്ട നിസാര കാര്യങ്ങളിൽ പോലും തീരുമാനമെടുക്കാൻ ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടേണ്ട അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് കെ. സുധാകരൻ എംപി. കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ഡിസ്ട്രിക്ട് ലെവൽ കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവേ പാളത്തിനരികിൽ താമസിക്കുന്നവർക്ക് നിർമാണ പ്രവൃത്തി നടത്തണമെങ്കിൽ റെയിൽവേയുടെ എതിർപ്പില്ലാ രേഖ വേണം. എന്നാൽ, പലപ്പോഴും ഇത് ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. ഇക്കാര്യമുൾപ്പെടെയുള്ള നിസാര കാര്യങ്ങളിൽ കണ്ണൂരിൽ തന്നെയുള്ള ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാനുള്ള സംവിധാനം ആവശ്യമാണെന്നും കെ. സുധാകരൻ എംപി ആവശ്യപ്പെട്ടു.
റെയിൽവേയുടെ ഒരു എക്സ്റ്റൻഷൻ ഓഫീസ് എന്ന രീതിയിൽ താത്കാലിക സംവിധാനം കണ്ണൂരിൽ സാധ്യമാകുമോ എന്നത് പരിശോധിക്കണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച എഡിഎം പി.എൻ പുരുഷോത്തമൻ റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
വളപട്ടണം-പുതിയതെരു റോഡ് നിർമാണത്തിൽ പുതിയതെരുവിലെ കച്ചവടക്കാർ ഉന്നയിച്ച വിഷയത്തിൽ തീരുമാനമായിട്ടില്ലെന്ന് എംപി ദേശീയപാത ഹൈവേ അഥോറിട്ടി ഉദ്യോഗസ്ഥരോട് പറഞ്ഞു. കൊളച്ചേരി പഞ്ചായത്തിലെ പട്ടികജാതി ഉന്നതിയിൽ കുടിവെള്ള പദ്ധതിക്കായി സ്ഥലം കണ്ടെത്തിയെങ്കിലും വില തീരുമാനമാകാത്ത പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിക്കാൻ ദിശ യോഗം നിർദേശിച്ചു.
വിദ്യാഭ്യാസ ലോൺ എടുത്ത് അന്യസംസ്ഥാനത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികൾ ലോൺ തുക സമയത്ത് കിട്ടാത്തതിനാൽ ബുദ്ധിമുട്ടിലാകുന്ന കാര്യവും യോഗത്തിൽ ചർച്ചയായി. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ രാജേഷ് കുമാർ തിരുവാനത്ത്, മറ്റ് ജില്ലാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Districte News