മലങ്കര കത്തോലിക്ക പള്ളിയിൽ പൂട്ട് തകർത്ത് മോഷണം
ഹരിപ്പാട്: ചേപ്പാടും പരിസരപ്രദേശങ്ങളിലും സ്കൂളുകൾ കേന്ദ്രീകരിച്ച് കവർച്ചയും മോഷണശ്രമങ്ങളും വ്യാപകമാകുന്നു. ചേപ്പാട് സേക്രഡ് ഹാർട്ട് മലങ്കര കത്തോലിക്ക പള്ളിയിലും തൊട്ടടുത്തുള്ള ഗവ. എൽപി സ്കൂളിലുമാണ് ഒടുവിൽ മോഷണം നടന്നത്. പള്ളിയിൽ തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന തടികൊണ്ടുള്ള കാണിക്കവഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ച് അതിലുണ്ടായിരുന്ന പണം മോഷ്ടാക്കൾ കവർന്നു. ചൊവ്വാഴ്ച രാവിലെ ഏഴോടെ ലൈറ്റുകൾ അണയ്ക്കാനായി എത്തിയപ്പോഴാണ് പൂട്ടു പൊളിച്ച നിലയിൽ കണ്ടതെന്ന് ഇടവക വികാരി ഫാ. ഫിലിപ്പ് ജമ്മത്തുകളത്തിൽ പറഞ്ഞു.
പള്ളിയുടെ പ്രധാന തടിവാതിലിന്റെ പൂട്ടുകൾ ബലമായി തുറക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെത്തുടർന്ന് അകത്തുകയറിയ മോഷ്ടാക്കൾ അൾത്താരയ്ക്ക് സമീപത്തെ അലമാരകളും തുറന്നു പരിശോധിച്ചു. പള്ളിക്ക് പുറത്തുള്ള കുരിശടിയുടെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് തകർക്കാനും ശ്രമം നടന്നിട്ടുണ്ട്. പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി അധികൃതർ കരിയിലക്കുളങ്ങര പോലീസിൽ പരാതി നൽകി.
പള്ളിയുടെ തെക്കുവശത്തുള്ള ചേപ്പാട് ഗവ. എൽപി സ്കൂളിലും സമാനമായ രീതിയിൽ മോഷണം നടന്നു. സ്കൂളിൽ സൂക്ഷിച്ചിരുന്ന ആംപ്ലിഫയർ ഉൾപ്പെടെയുള്ള മൈക്ക് സെറ്റും ബാത്ത്റൂമുകളിലെ മൂന്ന് ടാപ്പുകളുമാണ് കവർന്നത്. സ്കൂളിൽനിന്ന് ഏകദേശം 15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപികയും പോലീസിൽ പരാതി നൽകി. കരിയിലകുളങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു.
ഒരുമാസത്തിനുള്ളിൽ
നിരവധി മോഷണം
കഴിഞ്ഞ ഒരു മാസത്തിനിടയിൽ നങ്ങ്യാർകുളങ്ങര ഗവ. യുപി സ്കൂളിലും ചേപ്പാട്ടെ മറ്റൊരു സ്കൂളിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. ഇതിനുപുറമേ ഹരിപ്പാട്, കായംകുളം, കവല എന്നിവിടങ്ങളിലെ സ്കൂളുകളിലും അടുത്തിടെ മോഷണശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ഒരേ സംഘമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. വിവരം അറിഞ്ഞ് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.