തിരുവല്ല: കവിയൂരിലും പരിസര പ്രദേശങ്ങളിലു മഷണം പതിവായി. ഒരുമാസത്തിനിടെ രണ്ടിടത്താണ് കവര്‍ച്ച നടന്നത്. രണ്ടെണ്ണവും അടച്ചിട്ടിരുന്ന വീടുകളാണ്. അതീവ സുരക്ഷാ മേഖലയായ മഹാദേവക്ഷേത്രത്തിനു സമീപം മോഷ്ടാക്കള്‍ എത്തിയെന്നതും ഏറെ ആശങ്ക സൃഷ്ടിക്കുന്നു.
ക്ഷേത്രപരിസരത്തെ മോഷണത്തില്‍ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ആക്രി സാധങ്ങള്‍ ശേഖരിക്കാന്‍ ദിവസേന സംഘങ്ങള്‍ എത്തുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അടച്ചിട്ടിരിക്കുന്ന വീടുകളുടെ പരിസരത്ത് കിടക്കുന്ന സാധനങ്ങള്‍ എടുക്കുന്ന ഇവര്‍ക്ക് താമസമില്ലാത്ത വീടുകളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്നുണ്ട്. പോലീസ് ഇക്കാര്യത്തില്‍ ശ്രദ്ധകാണിക്കമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കടമണ്ണില്‍ ഭാഗത്തെ മോഷണം കഴിഞ്ഞ ദിവസമാണ് വീട്ടുകാര്‍ അറിഞ്ഞത്. ഇവിടെനിന്ന് നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിലപിടിപ്പുള്ള വസ്ത്രങ്ങളും മോഷ്ടിച്ചു. ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്ത് പോളച്ചിറ ആല്‍ത്തറയ്ക്കു സമീപം ഒരു വീട്ടിലും ഇതേ രീതിയില്‍ വിളക്കുകളും പാത്രങ്ങളും എടുത്തുകൊണ്ടുപോയി. ആൾത്താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണമെല്ലാം നടന്നത്. ഇവിടനിന്ന് ഒരു കിലോമീറ്ററോളം അകലെ വള്ളംകുളത്ത് രണ്ടാഴ്ച മുന്‍പ് മോഷണം നടന്നു.
മനയ്ക്കച്ചിറ പടിഞ്ഞാറ് നിലക്കത്താനത്ത് പരേതനായ രാമചന്ദ്രന്‍നായരുടെ വീട്ടിലായിരുന്നു മോഷണം. സ്വര്‍ണവും വീട്ടുപകരണങ്ങളും ഉള്‍പ്പെടെ നഷ്ടപ്പെട്ടു. തുടർച്ചയായ മൂന്നുതവണ ഇതേ വീട്ടിൽ മോഷണം നടന്നു. വീടിന്റെ പിന്നിലെ വാതില്‍ തകര്‍ത്താണ് മിക്കയിടത്തും മോഷ്ടാക്കൾ അകത്തു കയറുന്നത്. ഇവിടങ്ങളില്‍ പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമൊക്കെ എത്തി തെളിവെടുത്തിട്ടും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല.