വണ്ണപ്പുറം: ചേലച്ചുവട് റോഡില്‍ മുണ്ടന്മുടിപുരയിടം സിറ്റിയില്‍ വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന കൂറ്റന്‍ പാറ നീക്കം ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്തമായി. റോഡിലെ വളവിനോടു ചേര്‍ന്നു നിൽക്കുന്ന പാറ എതിര്‍ദിശയില്‍നിന്നു വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുകയാണ്. ഇതു പലപ്പോഴും അപകടത്തിനു കാരണമാകുന്നു.
ആലപ്പുഴ-തേനി സംസ്ഥാന പാതയുടെ ഭാഗമായതിനാല്‍ ഹൈറേഞ്ചിലേക്കുള്ള യാത്രക്കാർ കൂടുതലും ആശ്രയിക്കുന്ന റോഡാണിത്. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളും നൂറുകണക്കിനു വാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. അയല്‍ ജില്ലകളില്‍ നിന്നടക്കം നിരവധി വിനോദസഞ്ചാരികളും ഇടുക്കി, തേക്കടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നതും ഈ റോഡിലൂടെയാണ്.
അന്യജില്ലകളില്‍നിന്ന് എത്തുന്ന അപരിചിതരായ ഡ്രൈവര്‍മാര്‍ക്ക് പാറമൂലം റോഡിന്റെ ദിശ മനസിലാക്കാന്‍ കഴിയാതെ അപകടത്തില്‍പ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പാറ നീക്കം ചെയ്യുന്നതിനുള്ള അനുമതി നാട്ടുകാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പില്‍നിന്ന് നേരത്തേ നേടിയെടുത്തെങ്കിലും നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. വിഷയത്തില്‍ അധികൃതരുടെ അനാസ്ഥ തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നിലവില്‍ സംസ്ഥാന പാതയുടെ നവീകരണപ്രവൃത്തികള്‍ നടന്നുവരികയാണ്. റോഡിന്റെ നിര്‍മാണവേളയില്‍ നീക്കം ചെയ്യാത്ത പാറ നവീകരണസമയത്തെങ്കിലും നീക്കം ചെയ്ത് യാത്ര സുരക്ഷിതമാക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും നാട്ടുകാരും.
Tags : nattu vishesham strong demand rock that obstructs