പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനില്ലാത്തതിനാൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തുന്നതു തൃശൂരിൽ.
നിലവിൽ ജില്ലാ ആശുപത്രിയിലുണ്ടായിരുന്ന രണ്ട് ഫോറൻസിക് സർജൻമാരിൽ ഒരാൾ തൃശൂരിലേക്കും മറ്റൊരാൾ കാസർകോട്ടേക്കും സ്ഥലംമാറി പോയിരുന്നു. പകരം ഇടുക്കി ജില്ലാ ആശുപത്രി, മഞ്ചേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽനിന്ന് ജൂണിയർ കണ്‍സൾട്ടന്റുമാരെ നിയമിച്ച് ഉത്തരവിറങ്ങിയെങ്കിലും അവർ ചാർജെടുത്തിട്ടില്ല.
ജില്ലാ ആശുപത്രിയിലെ ചീഫ് കണ്‍സൾട്ടന്റ് ഇൻ ഫോറൻസിക് മെഡിസിൻ ആയിരുന്ന ഡോ.പി.ബി. ഗുജ്റാൾ വിരമിച്ച ശേഷം ഈ തസ്തികയിൽ നിയമനം നടത്തിയിട്ടില്ല. സീനിയർ കണ്‍സൾട്ടന്റ് എന്ന തസ്തികയും രണ്ടുവർഷമായി ഒഴിഞ്ഞുകിടക്കുകയാണ്.
ദിവസവും രണ്ടോ മൂന്നോ മൃതദേഹങ്ങളാണ് തൃശൂർ മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് അയക്കേണ്ടിവരുന്നത്. ഇതിനുള്ള അധികചെലവ് വഹിക്കേണ്ടതു മരിച്ചയാളുടെ ബന്ധുക്കളാണ്.പകരം ഡോക്ടർമാർ ചാർജെടുക്കാൻ വൈകുന്ന പശ്ചാത്തലത്തിൽ സ്ഥലംമാറ്റം ലഭിച്ച ഒരു ഡോക്ടറുടെ സേവനമെങ്കിലും ലഭ്യമാക്കാൻ കഴിയുമോ എന്നു പരിശോധിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Tags : nattu vishesham forensic surgeon