മുണ്ടക്കയം: മുണ്ടക്കയം ടൗൺ കേന്ദ്രമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന് ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുണ്ടക്കയം ടൗണിലും സമീപപ്രദേശങ്ങളിലുമായുള്ള ഹൈസ്കൂളുകളിൽനിന്ന് എല്ലാ വർഷവും ആയിരത്തിലധികം വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ പാസാകുന്നത്. ഇതിൽ നൂറിലധികം വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് കരസ്ഥമാക്കുന്നുണ്ട്. എന്നാൽ, ഇവർക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് മറ്റ് മേഖലകളെ ആശ്രയിക്കേണ്ട ഗതികേടാണ്.
മുണ്ടക്കയം പഞ്ചായത്തിൽ മുരിക്കുംവയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ മാത്രമാണ് പ്ലസ് വൺ, പ്ലസ് ടു ബാച്ചുകൾ ഉള്ളത്. ഇവിടെയുള്ള 200 സീറ്റുകൾ ഒഴിച്ചാൽ ബാക്കിയുള്ള വിദ്യാർഥികൾ ഒരു ദിവസം 15-20 കിലോമീറ്റർ യാത്ര ചെയ്തുവേണം ഉപരിപഠനം നേടാൻ.
കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാർ, പെരുവന്താനം പഞ്ചായത്തിലെ ചുഴുപ്പ്, കൊക്കയാർ പഞ്ചായത്തിലെ കുറ്റിപ്ലാങ്കാട്, കോരുത്തോട് എന്നിവിടങ്ങളിലാണ് മറ്റ് ഹയർ സെക്കൻഡറി സ്കൂളുകൾ ഉള്ളത്. മുണ്ടക്കയത്തുനിന്നു ബസ് കയറി കിലോമീറ്റർ യാത്രചെയ്തു വേണം വിദ്യാർഥികൾ ഓരോ ദിവസവും ഉപരിപഠനം നേടാൻ. കൂടുതലും ബുദ്ധിമുട്ടുന്നത് പെൺകുട്ടികളാണ്. സ്പെഷൽ ക്ലാസും കഴിഞ്ഞ് ബസ് കയറി മുണ്ടക്കയത്തെത്തി തിരികെ വീട്ടിൽ എത്തുമ്പോഴേക്കും നേരം വൈകും. ഇതോടെ മാതാപിതാക്കളുടെ ആധിയും വർധിക്കും.
മുണ്ടക്കയം കേന്ദ്രീകരിച്ച് ഹയർസെക്കൻഡറി സ്കൂൾ ആരംഭിച്ചാൽ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഉപകാരപ്പെടും. ഹയർസെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനമെന്ന ആവശ്യവുമായി വിവിധ സ്കൂൾ മാനേജ്മെന്റുകളും രാഷ്ട്രീയപാർട്ടികളും നിരവധിത്തവണ അധികാരികൾക്ക് നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. മുണ്ടക്കയം ടൗണിന് സമീപത്തുള്ള സെന്റ് ആന്റണീസ്, സെന്റ് ജോസഫ്, സിഎംഎസ് എന്നീ മൂന്ന് ഹൈസ്കൂകളിൽ എവിടെയെങ്കിലും ഒരു ഹയർസെക്കൻഡറി ബാച്ച് അനുവദിച്ചാൽ വിദ്യാർഥികളുടെ ദുരിതത്തിന് പരിഹാരമാകും.