തീപിടുത്തമുണ്ടായ കോഡർ ഹൗസ് മുഹമ്മദ് ഷിയാസ് എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.
ഫോർട്ടുകൊച്ചി: ഫോർട്ട്കൊച്ചിയിലെ പൈതൃക കെട്ടിടം കോഡർ ഹൗസ് ഹോട്ടലിലുണ്ടായ തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കാതെ അധികൃതര്‍. തീപിടുത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന പ്രാഥമിക നിഗമനത്തിലാണ് അഗ്നിരക്ഷാസേന. എന്നാല്‍ യഥാര്‍ഥ കാരണം എന്തെന്ന് കണ്ടെത്തേണ്ട ഇലക്ട്രിക്കല്‍ ഇന്സ്പെക്്ടറേറ്റ് തീപിടുത്തം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും ഇവിടെ പരിശോധനയ്ക്കെത്തിയിട്ടില്ലെന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കത്തിനശിച്ചത് 200 വര്‍ഷത്തിലേറെ പഴക്കമുള്ള പൈതൃക കെട്ടിടമായതിനാല്‍ പുരാവസ്തു വകുപ്പും അന്വേഷണം നടത്തേണ്ടതുണ്ട്. എന്നാല്‍ പുരാവസ്തു വകുപ്പ് അധികൃതരും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. അഗ്നിരക്ഷാസേന ഇരു വിഭാഗത്തിനും അറിയിപ്പുനല്കിയതായാണ് വിവരം. തീപിടുത്തത്തില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തടികൊണ്ടുള്ള നിര്‍മിതിയായതിനാല്‍ ഏകദേശം മുഴുവനായും തന്നെ അഗ്നിക്കിരയായി.
കോഡര്‍ ഹൗസ് സന്ദർശിച്ച മുഹമ്മദ് ഷിയാസ് എംഎല്‍എ ഹോട്ടല്‍ അധികൃതരുമായി സംസാരിച്ചു. അഗ്നിരക്ഷാ സേനയുടെ നിലവിലെ സംവിധാനം പര്യാപ്തമല്ലെങ്കില്‍ സേവനങ്ങള്‍ കുറേക്കൂടി മെച്ചപ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് എംഎല്‍എ പറഞ്ഞു.
അഗ്നിരക്ഷാസേനയ്ക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ബജറ്റില്‍ ആറര കോടി അനുവദിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. തീ മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ പരിശ്രമിച്ച അഗ്നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരെ അഭിനന്ദിക്കുന്നതായും എംഎല്‍എ വ്യക്തമാക്കി. കൗണ്‍സിലര്‍ ഷൈനി മാത്യു, മുൻ കൗൺസിലർ ആന്റണി കുരീത്തറ എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.
Tags : District News Nattuvishesham Authorities fail investigate Coder Flat