വൈക്കത്തഷ്ടമി ഉത്സവത്തിന് മുന്നോടിയായി സംയുക്ത എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കുലവാഴ പുറപ്പാട് പുഴവായി കുളങ്ങര ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ചപ്പോൾ.
വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിന് മുന്നോടിയായി സംയുക്ത എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കുലവാഴ പുറപ്പാട് ക്ഷേത്രനഗരിയെ വർണാഭമാക്കി.
നടുവിലെ മുറി, കിഴക്കുംചേരി തെക്കേമുറി, പടിഞ്ഞാറ്റും ചേരി പടിഞ്ഞാറെമുറി,പടിഞ്ഞാറ്റുംചേരി തെക്കേമുറി, കിഴക്കുംചേരി വടക്കേമുറി, പടിഞ്ഞാറ്റും ചേരിവടക്കേമുറി എന്നീ വൈക്കം നഗരസഭാ പ്രദേശത്തെ ആറ് കരയോഗങ്ങൾ സംയുക്തമായാണ് കുലവാഴ പുറപ്പാടിന്ന് നേതൃത്വം നൽകിയത്. വൈക്കത്തഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ ഗോപുരങ്ങളും കൊടിമരച്ചുവടും ബലിക്കൽ പുരയും ചുറ്റമ്പലവും അലങ്കരിക്കാനുള്ള കുലവാഴകളും കരിക്കിൻ കുലകളും പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ ഭക്തിനിർഭരമായി താലപ്പൊലി, കാവടി, പഞ്ചവാദ്യം, ചെണ്ടമേളം, നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതാണ് കുലവാഴ പുറപ്പാട്. ഇന്നലെ വൈകുന്നേരം 4.30ന് അയ്യർകുളങ്ങര പുഴവായിക്കുളങ്ങര ക്ഷേത്ര സന്നിധിയിൽ നിന്നാണ് കുലവാഴ പുറപ്പാട് ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.
വടക്കേകവല, കൊച്ചാലുംചുവട് വഴി നീങ്ങുന്ന കുലവാഴ പുറപ്പാട് വടക്കേഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ചു. ദേവസ്വം അധികൃതർ വരവേറ്റ് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിന് പ്രദക്ഷിണം നടത്തി താലങ്ങൾ, കുലവാഴകൾ, കരിക്കിൻകുലകൾ എന്നിവ കൊടിമരച്ചുവട്ടിൽ സമർപ്പിച്ചു.
തുടർന്ന് ക്ഷേത്രം കുലവാഴകളും കരിക്കിൻ കുലകളും കൊണ്ട് അലങ്കരിച്ചു. എൻ .എസ് എസ് യൂണിയൻ പ്രസിഡന്റ് പിജിഎം നായർ കാരിക്കോട്,സെക്രട്ടറി അഖിൽ ആർ നായർ, ബി. ജയകുമാർ, രാജേന്ദ്രദേവ്, എസ്. മധു, നാരായണൻ നായർ, ശിവരാമകൃഷ്ണൻ നായർ, എസ്.യു. കൃഷ്ണകുമാർ, പി.എൻ. രാധാകൃഷ്ണൻ,എസ്. പ്രതാപ്, എസ്.ഹരിദാസൻനായർ, വിജയകുമാർ ,രവികുമാർ, ശ്രീഹർഷൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Temple Town District News Local News