പ്രതീകാത്മക ചിത്രം
അയർക്കുന്നം: വെള്ളപ്പൊക്കകാലത്ത് ഒറ്റപ്പെട്ടുപോകുന്ന പ്രദേശവാസികൾക്ക് കൈത്താങ്ങായി അയർക്കുന്നം പഞ്ചായത്തിലെ പാറേക്കാട്ട് - വാഴോപ്പടി റോഡും ചൊറിച്ചിക്കടവ് പാലവും ഉയർത്തി നിർമിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. പ്രവൃത്തികളുടെ ചെലവ് തിട്ടപ്പെടുത്തി അടിയന്തരമായി എസ്റ്റിമേറ്റ് തയാറാക്കാൻ പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർക്കും പാലങ്ങൾ (ബ്രിഡ്ജസ്) വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർക്കും ചാണ്ടി ഉമ്മൻ എംഎൽഎ നിർദേശം നൽകി.
അയർക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി കൊറ്റത്തിൽ എംഎൽഎയ്ക്ക് സമർപ്പിച്ച നിവേദനത്തിന്റെയും പാലത്തിന്റെ ഉയരം വർധിപ്പിക്കുന്നത് സംബന്ധിച്ച് ദീപിക റിപ്പോർട്ട് ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നടപടി.
അയർക്കുന്നം പഞ്ചായത്തിലെ 20, 21 വാർഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് പാറേക്കാട്ട്-വാഴോപ്പടി റോഡ്. വെള്ളപ്പൊക്ക സമയത്ത് ഈ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാനും അയർക്കുന്നം, തിരുവഞ്ചൂർ ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുമുള്ള ഏക യാത്രാമാർഗമാണിത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുന്നതിനും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
എന്നാൽ, പാറേക്കാട്ട് മുതൽ ചൊറിച്ചിക്കടവ് പാലം വരെയുള്ള റോഡിനും പാലത്തിനും ആവശ്യത്തിന് ഉയരമില്ലാത്തതിനാൽ മഴക്കാലത്ത് ഇവിടെ വെള്ളം കയറി ഗതാഗതം പൂർണമായും തടസപ്പെടുന്നത് പതിവാണ്. കാലപ്പഴക്കത്താൽ ചൊറിച്ചിക്കടവ് പാലം നിലവിൽ ഏറെ അപകടാവസ്ഥയിലുമാണ്.
ചൊറിച്ചിക്കടവ് പാലം കുറഞ്ഞത് ഒരു മീറ്ററോളം ഉയർത്തി പുനർനിർമിക്കണമെന്നും പാറേക്കാട്ട് മുതൽ പാലം വരെയുള്ള റോഡ് വെള്ളം കയറാത്ത രീതിയിൽ ആവശ്യത്തിന് ഉയർത്തി ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യം.
Tags : Parekkattu–Vazhoppadi Road District News Local News Chorichikkadavu Bridge