ചമ്പക്കുളം: നാല് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കേരളക്കരയിലെ ആദ്യ വളളംകളിയായ മൂലം ജലോത്സവത്തിന് കടുത്ത അവഗണനയെന്ന് ആക്ഷേപം. മിഥുന മാസത്തിലെ മൂലം നാളിൽ ചമ്പക്കുളം പമ്പയാറ്റിൽ അരങ്ങേറുന്ന ഈ ജലോത്സവത്തിലൂടെയാണ് കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത്.
പണത്തൂക്കത്തിൽ പിന്നിൽ
ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസർ ചെയർമാനും കുട്ടനാട് തഹസിൽദാർ കൺവീനറുമായ സമിതിയാണ് വള്ളംകളി ഒരോ വർഷവും നടത്തുന്നത്. നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകൾ വള്ളംകളിക്ക് സാമ്പത്തിക സഹായം നൽകാറുണ്ടെങ്കിലും ദേവസ്വം ബോർഡ് അനുവദിക്കുന്ന നിശ്ചിത തുക മാത്രമാണ് ഉറപ്പുള്ള ഫണ്ട്. ബാക്കി തുക കമ്മിറ്റിക്കാർ പിരിച്ചെടുക്കുകയാണ് പതിവ്.
സാമ്പത്തിക ഞെരുക്കം മൂലം മത്സര വള്ളങ്ങൾക്ക് ബോണസ് പോലും പല വർഷങ്ങളിലും നൽകാൻ സാധിക്കാറില്ല. ടൂറിസം വകുപ്പ് മറ്റ് വള്ളംകളികൾക്ക് പണം അനുവദിക്കാറുണ്ടെങ്കിലും മൂലം വള്ളംകളിയെ അവഗണിക്കുന്നതാണ് പതിവ്.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ സ്വാധീനം
വള്ളംകളികളുടെ ചരിത്രവും പാരമ്പര്യവും വിസ്മരിക്കാൻ ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) കാരണമായെന്നാണ് ആക്ഷേപം. മുൻകാലങ്ങളിൽ വള്ളംകളി കരക്കാർ തമ്മിലുള്ള മത്സരമായിരുന്നു. എന്നാൽ സിബിഎല്ലിന്റെ വരവോടെ കൂലി വാങ്ങി ചെയ്യുന്ന ഒരു ജോലി മാത്രമായി തുഴച്ചിൽ മാറി. ഇത് ഏറ്റവും അധികം ബാധിച്ചതും മൂലം വള്ളംകളി പോലുള്ള ജലോത്സവങ്ങളെയാണ്. പരമ്പര്യവും തനിമയുമുള്ള ഇത്തരം ജലോത്സവങ്ങൾ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്താൻ സർക്കാർ സഹായം കൂടിയേ തീരൂ.
Tags : nattu vishesham There is no money row