പത്തനംതിട്ട: മറ്റൊരമ്മയ്ക്കും തനിക്കുണ്ടായതുപോലെ അനുഭവം ഇനിയുണ്ടാകാൻ പാടില്ല. പ്രിയ മകൾ അഭിരാമി തെരുവുനായ ആക്രമണത്തിൽ മരിച്ചതിന്റെ വേദനയിലാണ് പെരുനാട് സ്വദേശിനി രജനി നായകൾക്കെതിരേയുള്ള കേസിൽ സുപ്രീംകോടതിയിൽ കക്ഷി ചേർന്നത്.
നായ പ്രേമികളുടെ അപ്പീൽ തള്ളിക്കൊണ്ടുള്ള സുപ്രീംകോടതി വിധി കണ്ണീരോടെ സ്വാഗതം ചെയ്യുകയാണ് ഈ അമ്മ.
2022 സെപ്റ്റംബർ അഞ്ചിനാണ് രജനിയുടെ മകൾ അഭിരാമി (12) പേവിഷ ബാധയേറ്റ് മരിച്ചത്. മൈലപ്ര എസ്എച്ച് സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിനിയായിരുന്നു. മകളുടെ ഓർമകളിൽ ഇന്നും ജീവിക്കുന്ന രജനിക്ക് സുപ്രീംകോടതി വിധി ആശ്വാസം പകരുകയാണ്. 2025-ൽ മൃഗക്ഷേമബോർഡ് ഇറക്കിയ സർക്കുലറിനെതിരേ നായപ്രേമികൾ നൽകിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. യുഡിഎഫ് സർക്കാരും കേന്ദ്ര സർക്കാരും ഉത്തരവ് നടപ്പിലാക്കണമെന്നാണ് രജനിയുടെ അപേക്ഷ.
2022 ഓഗസ്റ്റ് 13ന് രാവിലെ വീടിനു സമീപത്തുവച്ചാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. സമീപത്തെ വീട്ടിൽ പാൽ വാങ്ങാൻ പോയ കുട്ടിയെ ആക്രമിച്ച നായ മുഖത്തും ശരീരത്തിലും കടിക്കുകയായിരുന്നു. തുടർന്ന് ആന്റി റാബിസ് വാക്സിൻ എടുത്തെങ്കിലും കുട്ടി മരിച്ചു.മുഖത്തേറ്റ കടിയാണ് പേ വിഷബാധയ്ക്കു കാരണമായി കണ്ടെത്തിയത്.