തിരുവല്ല: നഗരസഭാ ബജറ്റിൽ സാമൂഹിക സേവന ക്ഷേമത്തിലൂന്നിയ സമഗ്ര വികസനത്തിനു പ്രാധാന്യം. 11,55,50,309 രൂപ വരവും 98,79,58,618 രൂപ ചെലവും 16,25,91,691 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഇന്നലെ കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ കെ.വി. വർഗീസ് അവതരിപ്പിച്ചു.
ഇന്നു രാവിലെ പത്തു മുതൽ ബജറ്റിൻമേൽ ചർച്ച നടക്കും.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സമ്പൂർണ കുടിവെള്ളം, പാർപ്പിടം മാലിന്യ നിർമാർജനം, സമ്പൂർണ ശൗചാലയം, സ്ത്രീ, വയോജന സുരക്ഷാ പദ്ധതികൾ തുടങ്ങിയവയ്ക്ക് മുൻതൂക്കം നൽകിയിട്ടുണ്ട്.
മെച്ചപ്പെട്ട സൗകര്യം നിർലോഭ സേവനം - സംതൃപ്തജനം എന്ന വീക്ഷണത്തിൽ ആധുനിക സൗകര്യങ്ങളോടെ നഗരസഭ കാര്യാലയത്തിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ശക്തിപ്പെടുത്തും.
‘വിശപ്പ് രഹിത തിരുവല്ല’ പദ്ധതി നടപ്പാക്കും.അതിദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണ വിതരണം, പൊതു ഇടങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ സ്ഥാപിക്കുന്നതടക്കമുള്ള പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
തോടുകളുടെ നവീകരണത്തിന് ഒരു കോടി
നഗരസഭയിലൂടെയുള്ള തോടുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി വരാത്തോട്, കോട്ടത്തോട് എന്നിവയുടെ നവീകരണത്തിനായി ഒരു കോടിയും നീക്കിവച്ചിട്ടുണ്ട്. ശബരിമല ഇടത്താവളത്തിനും കമ്യൂണിറ്റി ഹാളിനുമായി 50 ലക്ഷം (സ്റ്റേഡിയം ഗ്രൗണ്ടിൽ) നീക്കിവച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ മുന്നിൽ കണ്ട് 50 ലക്ഷം നീക്കിവച്ചു. തെരുവ് നായ്ക്കളുടെ വർധന സംബന്ധിച്ച ഭീഷണി നേരിടാൻ ഷെൽട്ടർ നിർമാണവും ബജറ്റ് നിർദേശമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കൗൺസലിംഗ് കേന്ദ്രങ്ങൾ ആരംഭിക്കും. ബാലസഭാ കുട്ടികൾക്ക് അവധിക്കാല ക്യാമ്പും പഠനയാത്രയും സംഘടിപ്പിക്കും. കുടുംബശ്രീ ഉത്പന്ന നിർമാണ പരിശീലനം, വിപണന കേന്ദ്രം ഷീ ഓട്ടോ യൂണിറ്റുകൾ ആരംഭിക്കാൻ സബ്സിഡിക്കായി 3.6 ലക്ഷം രൂപ നീക്കിവച്ചു. യുവതികൾക്ക് നൈപുണ്യ പരിശീലനം, അഗതിരഹിത കേരളം പദ്ധതികളും ഏറ്റെടുത്തു നടപ്പാക്കും.
മാലിന്യ സംസ്കരണ പദ്ധതികൾക്ക് എട്ടുകോടി
മാലിന്യ സംസ്കരണ പദ്ധതികൾക്ക് എട്ടു കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. വിവിധ വികസന പ്രവൃത്തികൾക്കായി നീക്കിവച്ചത്. മാലിന്യനിക്ഷേപം തടയാൻ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ കാമറകൾ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ വൈസ് ചെയർമാൻ പറഞ്ഞു. നഗരത്തിൽ പബ്ലിക് ടോയ്ലറ്റുകൾ കൂടുതലായി സ്ഥാപിക്കും. മാലിന്യം നീക്കം സുഗമമാക്കാൻ നാല് വാഹനകൾ വാങ്ങുന്നതിന് തുക വകകൊള്ളിച്ചിട്ടുണ്ട്.
പഠന രംഗത്ത് സാങ്കേതികവിദ്യയുടെ സഹായം ലഭ്യമാക്കാനും പഠനം രസകരമാക്കാനും 2.25 കോടിയാണ് നീക്കിവച്ചത്. ജനജീവിതത്തിന്റെ സമസ്ത മേഖലയും സ്പർശിച്ചുവന്ന ജനപക്ഷ ബജറ്റാണ് അവതരിപ്പിച്ചതെന്ന് വൈസ് ചെയർമാൻ കെ.വി. വർഗീസ് പറഞ്ഞു.
സന്പൂർണ പാർപ്പിട പദ്ധതിക്ക് മൂന്നു കോടി
ഭവനരഹിതരില്ലാത്ത നഗരം എന്ന ലക്ഷ്യത്തിലേക്ക് സമ്പൂർണ പാർപ്പിട പദ്ധതിക്കായി ബജറ്റിൽ മൂന്നുകോടി രൂപ വക കൊള്ളിച്ചിട്ടുണ്ട് കേന്ദ്ര -സംസ്ഥാന സർക്കാരുകളും നഗരസഭയും ചേർന്ന് ഈ സ്വപ്ന പദ്ധതി പൂർത്തിയാക്കും. മറ്റൊന്ന് വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിച്ച് നിരത്തുവക്കുകളിലെ കൈയേറ്റങ്ങൾക്ക് വിരാമമിട്ട് സ്വയം ഉപജീവന മാർഗ രംഗത്തുള്ളവർക്ക് ആശ്വാസം പകരാൻ ആധുനിക രീതിയിലുള്ള വെൻഡിംഗ് മാർക്കറ്റിന്റെ വികസനത്തിനായി ആദ്യഘട്ടം എന്ന നിലയ്ക്ക് 25 ലക്ഷം രൂപ നീക്കിവച്ചു. വനിതാ സംരംഭകർക്ക് ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ അഞ്ചുലക്ഷം നീക്കിവച്ചിട്ടുണ്ട്.
നഗരസഭാ സ്റ്റേഡിയം നവീകരണത്തിന് 21 കോടിയുടെ പദ്ധതിക്കാണ് നഗരസഭാ ഭരണ സമിതി ലക്ഷ്യമിട്ട് തുക നീക്കിവച്ചിട്ടുള്ളത്. രാമപുരം മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന് അഞ്ചുകോടിയും ഉൾക്കൊള്ളിച്ചു. മാംസാഹാരികളുടെ ആശങ്കയകറ്റി ആരോഗ്യകരമായ മാംസഭക്ഷണം ഒരുക്കാൻ സ്ലോട്ടർഹൗസ് നവീകരണത്തിനായ് 10 ലക്ഷം, താലൂക്ക് ആശുപത്രി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനായി രണ്ടുകോടി നീക്കിവച്ചു.
താലൂക്കാശുപത്രിയിലെ വൈദ്യുതി നവീകരണത്തിന്റെ ഭാഗമായി സോളാർ സിസ്റ്റം കൊണ്ടുവരാൻ2.25 കോടിയാണ് നീക്കി വച്ചത്. തനതു ഫണ്ട് വർധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുമൂലപുരം ഷോപ്പിംഗ് കോംപ്ലക്സിന് മൂന്നുകോടിയാണ് ബജറ്റിൽ വകകൊള്ളിച്ചത്.
Tags : nattu vishesham Thiruvalla City Council makes provision welfare schemes