ചെങ്ങളം മരുതനയിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം.
കുമരകം: ചെങ്ങളം മരുതനയിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. കാർ ഡ്രൈവർ പാറമ്പുഴ പടവക്കൽ ആന്റണി സ്റ്റാലിൻ (55), സഹയാത്രികൻ തിരുവഞ്ചൂർ, വലിയവീട്ടിൽ പ്രശാന്ത് മാധവൻ, ബസിലെ യാത്രക്കാരിയായ കുമരകം കണ്ണാടിച്ചാൽ സ്വദേശി കെ.എസ്. അഞ്ജന (26) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കുമരകം എസ്എച്ച് മെഡിക്കൽ സെന്ററിലും സാരമായി പരിക്കേറ്റ കാർ ഡ്രൈവർ ആന്റണിയെ പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം എസ്എച്ച്എംസിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 6.50നായിരുന്നു അപകടം. ചേർത്തല-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തികേയൻ ബസും കുമരകം ഭാഗത്തേക്ക് പോയ കാറും ചെങ്ങളം മരുതനയിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ബസിന്റെയും കാറിന്റെയും മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് റോഡിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കുമരകം പൊലിസെത്തി ഗതാഗതം നിയന്ത്രിച്ചു. കോട്ടയത്തുനിന്ന് ഫയർഫോഴ്സ് സംഘവും എത്തിയിരുന്നു. കോട്ടയത്തേക്ക് പോകേണ്ട വാഹനങ്ങളെ കടത്തുകടവിൽനിന്നു ചെങ്ങളം കുന്നുംപുറം വഴി തിരിച്ചുവിട്ടു.