വൻതാരയിൽനിന്നും തിരുവനന്തപുരം മൃഗശാലയിൽ കൊണ്ടുവന്ന സീബ്രകൾ .
തിരുവനന്തപുരം: ഓണം കളറാക്കാൻ മൃഗശാലയിലേക്കു അതിഥികളായി മൂന്നു സീബ്രകളെത്തി.
ഒൻപതു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിലേക്ക് സീബ്രകളെത്തുന്നത്. ഗുജറാത്തിലെ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാര മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിലേക്കാണ് മൂന്ന് സീബ്രകളെ എത്തിച്ചത്. മൂന്നു വയസുള്ള രണ്ടു പെൺ സീബ്രകളും ഒരു ആൺ സീബ്രയുമാണ് അതിഥികൾ. ഓണക്കാലത്തെത്തിയ സീബ്രകളെ കാണാൻ കുട്ടികളും മുതിർന്നവരും കൂട്ടത്തോടെ എത്തുമെന്ന പ്രതീക്ഷയിലാണ് മൃഗശാല അധികൃതർ.
ഒരു സിംഹവാലൻ കുരങ്ങിനെയും രാജവെമ്പാലയെയും പകരം നൽകിയാണ് വൻതാരയിൽനിന്ന് സീബ്രകളെ എത്തിച്ചത്. ഒരു ജോഡി സീബ്രകളെ നൽകാമെന്നായിരുന്നു ആദ്യത്തെ കരാർ. എന്നാൽ തിരുവനന്തപുരം മൃഗശാല അധികൃതരുടെ സമ്മർദത്തിനൊടുവിൽ ഒരു ആൺ സീബ്രയേയും രണ്ട് പെൺ സീബ്രകളെയും നൽകാൻ വൻതാര തയാറായി.
പ്രത്യേക അനിമൽ ആംബുലൻസിൽ പൊലീസ് അകമ്പടിയോടെ റോഡ് മാർഗം രണ്ടര ദിവസമെടുത്താണ് ഗുജറാത്തിൽനിന്ന് മൂവരെയും എത്തിച്ചത്. 21 ദിവസത്തെ ക്വാറന്റീനിലാണ് സീബ്രകൾ. എന്നാൽ തുറന്ന ക്വാറന്റിനിൽ ആയതിനാൽ സന്ദർശകർക്ക് സീബ്രകളെ കാണാനാകും.
Tags : zebras NattuVishasham DistrictNews