കൊക്കയാർ: പഞ്ചായത്തിന്റെ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. ഇന്നലെ പുലർച്ചെ നാലരയോടെ കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം മറ്റത്തിൽ സുരേഷിന്റെ വീടിന്റെ പിൻവശത്താണ് പുലികളെ കണ്ടതായി പറയുന്നത്. വീടിനോട് ചേർന്ന് കൂട്ടിൽ കെട്ടിയിരുന്ന ആടുകളുടെ തുടർച്ചയായുള്ള കരച്ചിൽ കേട്ടാണ് സുരേഷും ഭാര്യയും എഴുന്നേറ്റത്.
ലൈറ്റിട്ടശേഷം ജനലിലൂടെ നോക്കുമ്പോൾ ആട്ടിൻകൂടിനു സമീപം ഒരു പുലിയെ കണ്ടു. മറ്റൊരു പുലി വീടിന് പുറകുവശത്തെ തോട്ടിലെ പാറയുടെ മുകളിൽ നിൽക്കുന്നതായും കണ്ടതായി വീട്ടുകാർ പറഞ്ഞു.
വീട്ടുകാർ ബഹളമുണ്ടാക്കിയതോടെ പുലികൾ തോടിന് മറുകര കയറി മറഞ്ഞെന്നും ഇവർ പറയുന്നു. പുലിയുടേതെന്നു കരുതുന്ന കാൽപ്പാടുകൾ തോടിന് സമീപമുണ്ട്. തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും കാമറ സ്ഥാപിക്കുമെന്ന് അറിയിക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.
മൂന്നാഴ്ച മുന്പ് ഇതിനുസമീപം പുളിക്കത്തടത്ത് പുലിയെ കണ്ടിരുന്നു. അന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുന്പ് പലതവണ കൊക്കയാർ, കൂട്ടിക്കൽ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറയുകയും വനം വകുപ്പ് ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Tags : nattu vishesham Tiger Kokkayar