കേളകം: കേളകം മേഖലയിൽ പുലി ആക്രമണത്തിൽ ആടുകളെ കൊന്നു. വെണ്ടയ്ക്കുംചാലിൽ കൂട് തകർത്ത് പുലി ആടിനെ കടിച്ചു കൊല്ലുകയും പശു കിടാവിനെ ആക്രമിക്കുകയും ചെയ്തു. പൊയ്യമലയിൽ പുലി ആടിനെ കടിച്ചു കൊല്ലുകയും മറ്റൊന്നിനെ കൊണ്ടു പോകുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വെണ്ടയ്ക്കുംചാലിൽ സംഭവം. ജോസഫ് മാളിയേക്കലിന്റെ ആടിനെ കടിച്ചു കൊന്ന പുലി സമീപത്തെ ത്രേസ്യാമ്മ അറക്കലിന്റെ പശുക്കിടാവിനെയാണ് ആക്രമിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സ്ഥലത്ത് നിന്ന് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെയാണ് മൃഗങ്ങളെ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചത്.
ഇതേ തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തുകയും കൂടും കാമറയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പുലി കടിച്ചു കൊന്ന ആടിനെയാണ് കൂട്ടിൽ ഇരയായി വച്ചത്. സംഭവത്തെ തുടർന്ന് പ്രദേശം കടുത്ത ഭീതിയിലാണ്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശം കൂടിയാണ് ഇത്. കഴിഞ്ഞ ദിവസം പുലി റോഡ് മുറിച്ചു കടന്നു പോകുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും വനം വകുപ്പ് നിർദേശം നൽകി. പുലിയുടെ സാന്നിധ്യം സംബന്ധിച്ച വിവരം ലഭിക്കുന്നവർ ഉടൻ അധികൃതരെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
പൊയ്യമലയിൽ പ്ലാതുണ്ടിൽ ശശിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത ആടിനെ കടിച്ചു കൊന്ന രീതി പരിശോധിച്ചതിനെ തുടർന്ന് വന്യജീവി പുലി തന്നെയാകാമെന്നാണ് പ്രാഥമിക നിഗമനം.
വെണ്ടേക്കുംചാലിൽ പുലി സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശം ഭീതിയിൽ കഴിയുന്നതിനിടെയാണ് പുതിയ സംഭവങ്ങൾ കൂടി നടന്നത്. പുലിയെ കണ്ടെത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി വനംവകുപ്പ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും വളർത്തുമൃഗങ്ങളെ സുരക്ഷിതമായി കെട്ടിയിടണമെന്നും അധികൃതർ നിർദേശം നൽകി.
ആടിനെ കൊന്നത് കൂട് തകർത്ത്
രാത്രിയിൽ ആടുകളുടെ അസ്വാഭാവിക കരച്ചിൽ കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ കൂടിന് സമീപത്ത് നിന്ന് പുലി ഓടിപ്പോകുന്നതാണ് കണ്ടത്. കൂട് തകർത്താണ് കൂട്ടിനുള്ളിലെ ആടിനെ കടിച്ചു കൊന്ന് പുറത്തേക്ക് വലിച്ചിടുകയായിരുന്നു. കൂട്ടിലുണ്ടായിരുന്ന മറ്റൊരു ആടിനും പരിക്കേറ്റിട്ടുണ്ട്.
ലൈറ്റിട്ടപ്പോൾപുലി ഓടി മറഞ്ഞു
രാത്രിയിൽ കിടാവിന്റെ കരച്ചിൽ കേട്ടാണ് ശ്രദ്ധിച്ചത്. തനിച്ചായതിനാൽ പുറത്തിറങ്ങി നോക്കാൻ ധൈര്യമുണ്ടായില്ല. ലൈറ്റ് ഇട്ട് ജനലിലൂടെ നോക്കുന്പോൾ തൊഴുത്തിന്റെ സമീപത്ത് നിന്ന് വലിയ ഒരു ജീവി ഓടിപ്പോകുന്നതാണ് കണ്ടത്. പശുക്കിടാവിന്റെ കഴുത്തിനാണ് പരിക്കേറ്റിരിക്കുന്നത്.
അടിയന്തര ഇടപെടൽ നടത്തി
പുലി ആടിനെ പിടിച്ച വിവരം അറിഞ്ഞത് മുതൽ വനം വകുപ്പ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കളക്ടറോടും ഡിഎഫ്ഒയോടും സംസാരിച്ചതിനെ തുടർന്നാണ് കാമറ സ്ഥാപിക്കാനും കൂട് സ്ഥാപിക്കാനും തീരുമാനമായത്.
Tags : nattu vishesham Tiger attacks Kelakam region