പനത്തടി: പനത്തടി പഞ്ചായത്തിലെ ബളാംതോട് എൻഎസ്എസ് എസ്റ്റേറ്റിലെ അടുക്കം പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി സംശയം. കഴിഞ്ഞദിവസം ഈ പ്രദേശത്ത് ഒരു കുറുക്കന്റെ ജഡം പാതി തിന്ന നിലയിൽ കണ്ടെത്തി. കുറുക്കന്റെ ശരീരത്തിലുണ്ടായ മുറിവുകളുടെയും അവശിഷ്ടങ്ങളുടെയും സ്വഭാവം വച്ച് ഇത് പുലിയുടെ ആക്രമണം തന്നെയാകാനാണ് സാധ്യതയെന്ന് നാട്ടുകാർ ഭയപ്പെടുന്നു. വനപ്രദേശത്തോട് ചേർന്നുകിടക്കുന്ന ഇവിടെ പുലിയെ കണ്ടതായി നേരത്തെയും ചില സൂചനകൾ ലഭിച്ചിരുന്നു.
സംഭവം പ്രദേശവാസികളിലും, എസ്റ്റേറ്റിലെ തൊഴിലാളികളിലും വൻ ഭീതി പടർത്തിയിട്ടുണ്ട്. പനത്തടിയിലെ കാർഷിക മേഖലയും തോട്ടം തൊഴിലാളികളും ഏറെയുള്ള ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യം ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണ്. ഇതേത്തുടർന്ന് പുലർച്ചെയും വൈകുന്നേരവും തൊഴിലാളികൾക്ക് ജോലിക്ക് പോകാനോ പുറത്തിറങ്ങാനോ പേടി ഉണ്ടാക്കുന്ന സ്ഥിതിയാണ്.
ഈ സാഹചര്യത്തിൽ ജനങ്ങളുടെയും തൊഴിലാളികളുടെയും ജീവന് സംരക്ഷണം നൽകുന്നതിനാവശ്യമായ അടിയന്തിര ഇടപെടലുകൾ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മുൻകരുതലുകൾ കണക്കിലെടുത്ത് പ്രദേശത്ത് കാമറകൾ സ്ഥാപിക്കാനോ കൂട് വച്ച് പുലിയെ പിടിക്കാനോ ഉള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.