കടുവ ഇറങ്ങിയതറിഞ്ഞ് ഓടപ്പള്ളത്ത് പരിശോധനക്കെത്തിയ വനസേന.
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടപ്പള്ളത്ത് കടുവ സാന്നിധ്യം.
പ്രദേശത്തെ കര്ഷകന് യോഹന്നാന് കഴിഞ്ഞ ദിവസം കടുവയെ കണ്ടു. അടുത്തുള്ള മരണവീട്ടില്‍നിന്നു മടങ്ങുന്നതിനിടെയാണ് തന്റെ കൃഷിയിടത്തില്‍നിന്നു ഇറങ്ങി റോഡ് മുറിച്ച് സമീപത്തെ കൃഷിയിടത്തിലേക്ക് പോകുന്ന കടുവ അതുവഴി വന്ന വാഹനത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അടുത്തദിവസം ഓടപ്പള്ളം തോരമംഗലം ഭാഗത്ത് കടുവ റോഡ് മുറിച്ച് കടക്കുന്നത് കുട്ടികളടക്കം കണ്ടു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ തോരമംഗലം രാജന്ലാലിന്റെ തൊഴുത്തില്‍ കടുവ എത്തിയതായി സംശയമുണ്ട്. ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നെത്തിയപ്പോഴേക്കും തൊഴുത്തില്‍നിന്നു ജീവി കടന്നുകളഞ്ഞതിനാല്‍ കടുവയാണോയെന്ന് സ്ഥിരീകരിക്കാനായില്ല. പ്രദേശത്തെ കൃഷിയിടങ്ങളില്‍ പരിശോധന നടത്തിയ വനസേന കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. കടുവ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാവിലെ വനം ജീവനക്കാര്‍ എത്തിയാണ് കുട്ടികളെ വാഹനത്തില്‍ കയറ്റി സ്കൂളിലേക്ക് വിട്ടത്. കടുവയെ പേടിച്ച് പകല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓടപ്പള്ളം ഹൈസ്കൂളിന് സമീപം കഴിഞ്ഞദിവസം രാത്രി റോഡ് മുറിച്ചുകടക്കുന്ന പുലിയെ വാഹന യാത്രക്കാര്‍ കണ്ടിരുന്നു. ഈ ഭാഗത്ത് വനം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
Tags : Tiger spotted NattuVishasham DistrictNews