കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ മൈലമ്പുള്ളിയിൽ ടോൾബൂത്ത് നിർമാണം ആരംഭിച്ചതോടെ വാഹനാപകടങ്ങളും തുടങ്ങി.
ഇന്നലെ പുലർച്ചെ മലമ്പുഴ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാർ ടോൾബൂത്തി നായി നിർമിച്ച കോൺക്രീറ്റ് തൂണിൽ ഇടിച്ച് കാറിലുണ്ടായിരുന്ന കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു.
കാറിന്റെ മുൻവശം തകർന്നു. വീതി കുറഞ്ഞതും ജനവാസമേഖലയുമായ ഈ ഭാഗത്ത് ടോൾബൂത്ത് നിർമിക്കാനുള്ള നീക്കം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തിവച്ചിരിക്കുകയയിരുന്നു.
റോഡിന്റെ നടുവിലും വശങ്ങളിലും പ്ലാസ്റ്റിക്ക് വീപ്പകൾ വച്ചതല്ലാതെ യാതൊരു മുൻകരുതലും എടുത്തിട്ടില്ല. ഒരുവാഹനത്തിനു മാത്രമേ കടന്നുപോകാനുള്ള വീതിയുള്ളൂ.
ടോൾബൂത്ത് ആദ്യം മുണ്ടൂർ പൊരിയാനിയിൽ സ്ഥാപിക്കാൻ തീരുമാനിക്കുകയും നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും എതിർപ്പിനെത്തുടർന്ന് ടോൾബൂത്ത് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.
വീതികുറഞ്ഞ മൈലമ്പുള്ളിയിൽ ടോൾബൂത്ത് നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും നടുറോഡിൽ സ്ഥാപിച്ച കോൺക്രീറ്റ് തൂണുകൾ നീക്കംചെയ്യണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.