ആലപ്പുഴ: ഒന്നിനുപുറകേ ഒന്നായി ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്ന ജനദ്രോഹ പരിഷ്കാരങ്ങളുടെ പരമ്പരയിൽ പുതിയ തുഗ്ലക്ക് പരിഷ്കാരവുമായി കേന്ദ്രസർക്കാർ. ഇന്ധനവിതരണത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന അപ്രായോഗികവും കർശനവുമായ നിയന്ത്രണങ്ങൾ വിനോദസഞ്ചാര മേഖലയേയും പരമ്പരാഗത മത്സ്യബന്ധന മേഖലയേയും പൂർണമായി തകർക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്.
നിലവിൽ കോവിഡിനു ശേഷമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്നു പച്ചപിടിച്ചുവരുന്ന ഹൗസ്ബോട്ട് വ്യവസായത്തിനും ട്രോളിംഗ് നിരോധന കാലത്ത് പ്രതീക്ഷകളോടെ കടലിലേക്കു നോക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുംമേൽ വീണ കനത്ത പ്രഹരമായി മാറിയിരിക്കുകയാണ് വെള്ളിയാഴ്ച വൈകിട്ട് ഇന്ധന ഡീലർമാർക്കു ലഭിച്ച പുതിയ നിർദേശം.
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ മുൻനിർത്തി പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന വിചിത്രമായ ന്യായീകരണവുമായാണ് പുതിയ നിയന്ത്രണം നടപ്പിലാക്കുന്നത്. ഒരു വാഹനത്തിന് പ്രതിദിനം പരമാവധി 200 ലിറ്റർ ഇന്ധനം മാത്രമേ നൽകാവൂ എന്നാണ് നിർദ്ദേശമുള്ളത്. പമ്പുകളിൽനിന്ന് കുപ്പികളിലോ സാധാരണ പ്ലാസ്റ്റിക് കാനുകളിലോ ഇന്ധനം നൽകുന്നത് പൂർണമായും വിലക്കി. കമ്പനി നിർദേശിച്ച പ്രത്യേക കാനുകളിൽ മാത്രമേ ഇനി ഇന്ധനം നൽകാൻ പാടുള്ളൂവെന്നും നിബന്ധനവച്ചു. 20 ലിറ്റർ മാത്രം കൊള്ളുന്ന ഈ കാനിന് ഈടാക്കുന്നത് 3000 രൂപയാണ്. ഇവ ബുക്ക്ചെയ്ത് ദിവസങ്ങൾ കാത്തിരുന്നാൽ മാത്രമേ ലഭിക്കുകയുമുള്ളൂ. സാധാരണക്കാരായ തൊഴിലാളികളെ പിഴിഞ്ഞു കമ്പനികൾക്ക് ലാഭമുണ്ടാക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുയരുന്നുണ്ട്.
ആലപ്പുഴ- കോട്ടയം ജില്ലയുടെ ജീവനാഡിയായ ഹൗസ്ബോട്ട് മേഖലയെ ഈ തീരുമാനം നിശ്ചലമാക്കും. ഹൗസ്ബോട്ടുകൾക്ക് നേരിട്ടുവന്ന് ഡീസൽ അടിക്കാൻ പാകത്തിൽ കായലോര സൗകര്യങ്ങളുള്ള പമ്പുകളില്ല.
ടൗണുകളിലെ വിവിധ പമ്പുകളിൽനിന്ന് കാനുകളിലും ബാരലുകളിലും ഡീസൽ വാങ്ങിയാണ് ഹൗസ്ബോട്ടുകൾ ഇത്രയും കാലം പ്രവർത്തിച്ചിരുന്നത്. കാനുകളിൽ ഇന്ധനം നൽകില്ലെന്ന കടുത്ത നിലപാടും കമ്പനിയുടെ വിലകൂടിയ കാനുകൾ വാങ്ങണമെന്ന നിബന്ധനയും ഹൗസ്ബോട്ട് ഓപ്പറേറ്റർമാരെയും തൊഴിലാളികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽവന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വലിയ പ്രതീക്ഷയിലായിരുന്നു. യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പോകാത്ത ഈ സമയത്ത് കൂടുതൽ മത്സ്യലഭ്യതയും മെച്ചപ്പെട്ട വരുമാനവും ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു അവർ. എന്നാൽ, പെട്ടെന്നുണ്ടായ ഇന്ധന നിയന്ത്രണം ഇവരുടെ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തി.
വള്ളങ്ങളിൽ ഉപയോഗിക്കുന്ന മണ്ണെണ്ണ, പെട്രോൾ, ഡീസൽ എൻജിനുകൾക്കായി പമ്പുകളിൽനിന്ന് കാനുകളിലാണ് ഇവർ ഇന്ധനം കൊണ്ടുപോകാറുള്ളത്. പുതിയ നിർദേശം വന്നതോടെ പമ്പുകൾ ഇന്ധനം നിഷേധിക്കുകയാണ്. കാനിനായി അയ്യായിരവും പതിനായിരവും രൂപ മാറ്റിവയ്ക്കാൻ ഇല്ലാത്തതിനാൽ പതിനായിരക്കണക്കിന് തൊഴിലാളികളാണ് കടലിൽ പോകാൻ കഴിയാതെ തീരത്ത് പട്ടിണിയിലായിരിക്കുന്നത്.
യാതൊരുവിധ മുന്നറിയിപ്പോ പകരം സംവിധാനങ്ങളോ ഏർപ്പെടുത്താതെ ഏകപക്ഷീയമായാണ് കേന്ദ്ര സർക്കാർ ഈ ഉത്തരവ് അടിച്ചേൽപ്പിച്ചത്. കോർപറേറ്റ് കമ്പനികളെ സഹായിക്കാനും സാധാരണക്കാരെ ദുരിതത്തിലാക്കാനുമുള്ള ഈ നീക്കത്തിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്താനാണ് ടൂറിസം-മത്സ്യബന്ധന മേഖലയിലെ തൊഴിലാളി സംഘടനകളുടെ തീരുമാനം. അടിയന്തരമായി സംസ്ഥാന സർക്കാരും അതത് ജില്ലാ ഭരണകൂടവും ഇടപെട്ട് ബദൽ സംവിധാനം ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : Tourism fishing Nattuvishesham District News