മല്ലപ്പള്ളി: നൂറ്റാണ്ടുകൾ പഴക്കമുള്ള മല്ലപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മീൻമുട്ടി പാറയുടെ സൗന്ദര്യം സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് വർഗീസ് മാമ്മൻ എംഎൽഎ. പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തംഗം എ.ഡി. ജോൺ തയാറാക്കിയ രൂപരേഖ എംഎൽഎ ഏറ്റുവാങ്ങി.
വർഷത്തിൽ എട്ട് മാസത്തോളം മനോഹരമായ വെള്ളച്ചാട്ടമുള്ള സ്ഥലമാണ് മീൻമുട്ടിപ്പാറ. തട്ടുതട്ടുകളായി വെള്ളം ഒലിച്ചിറങ്ങുന്ന കാഴ്ച ഏറെ സന്തോഷം നൽകുന്നതാണ്. ഇത്രയും മനോഹരമായ ഒരു പ്രദേശമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും നിരവധിയാളുകളാണ് പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാൻ എത്തുന്നത്.
വർഷങ്ങൾക്ക് മുൻപ് ടൂറിസം പദ്ധതികൾ തുടങ്ങാൻ ഡിറ്റിപിസി പദ്ധതി തയാറാക്കിയതാണ്. എന്നാൽ ചുവപ്പ് നാടയിൽ കുരുങ്ങി പദ്ധതി യാഥാർഥ്യമായില്ല. പദ്ധതി നടപ്പാക്കുമെന്ന എംഎൽഎയുടെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രദേശവാസികൾ സ്വാഗതം ചെയ്തത്.
രൂപരേഖ സമർപ്പണ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി. സാബു, എ.ഡി. ജോൺ , രഞ്ജിനി അജിത്ത്, എം.ഡി. ദിനേശ് കുമാർ , മുഹമ്മദ് ഇസ്മയിൽ , ലൈല അലക്സാണ്ടർ, ലക്ഷ്മി അജിത്ത്, കൃഷ്ണൻ കുട്ടി മുള്ളൻകുഴി, സി. പി. മാത്യു, ലിബിൻ ജോസഫ് , ഷിനി കെ. പിള്ള, രഞ്ജിനി അജിത്ത് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Tourism project launched at Meenmutty