ഊട്ടി: ദക്ഷിണേന്ത്യയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം.വേനലവധി ആഘോഷിക്കാൻ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സഞ്ചാരികളാണ് ഊട്ടിയിലെത്തുന്നത്.
ബോട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡപേട്ട, പൈക്കാര, ഷൂട്ടിംഗ് മട്ടം തുടങ്ങിയ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സഞ്ചാരികളെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് ഇവിടെ നടത്തിയിരുന്നത്. സമ്മർ സീസണ് ആരംഭിച്ചതോടെ ഊട്ടി മേഖലയിലെ വ്യാപാരികളും വലിയ സന്തോഷത്തിലാണ്.
സഞ്ചാരികളുടെ വാഹനങ്ങളുടെ ആധിക്യം കാരണം ഊട്ടി നഗരത്തിൽ ഗതാഗതക്കുരുക്കും പതിവായി. മേയ് ഒന്ന് മുതൽ ഊട്ടിയിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗതാഗത കുരുക്കിന് പരിഹാരം കാണാൻ സാധിച്ചിട്ടില്ല. സഞ്ചാരികൾ അധികവും കാർ ഉൾപ്പെടെയുള്ള ചെറുകിട വാഹനങ്ങളിലാണ് ഊട്ടിയിലെത്തുന്നത്. കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ടനിര കാണപ്പെടുന്നുണ്ട്.
Tags : nattu vishesham Tourist influx Ooty