പ്രതീകാത്മക ചിത്രം
കൊല്ലം: ജില്ലയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ വന്‍ തിരക്ക്. തിരുവോണനാളില്‍ ജില്ലയുടെ പല ഭാഗങ്ങളിലും മഴ പെയ്തെങ്കിലും ഓണസദ്യയ്ക്ക് ശേഷം പലരും കുടുംബത്തോടൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തി.
കൊല്ലം ബീച്ചില്‍ മഴ വില്ലനായെങ്കിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അഷ്ടമുടി കായലിന്റെ മനോഹാരിത ആസ്വദിക്കാന്‍ സഞ്ചാരികള്‍ കൂട്ടത്തോടെയെത്തുന്ന സാമ്പ്രാണിക്കോടിയിലും മണ്റോത്തുരുത്തിലേക്കുമുള്ള ബോട്ട് യാത്രയും ഓണക്കാലത്ത് ആകര്‍ഷണമായി.
വനസൗന്ദര്യവും വെള്ളച്ചാട്ടത്തിന്റെ കുളിര്‍മയും സമ്മാനിക്കുന്ന പാലരുവിയില്‍ നീരൊഴുക്ക് കൂടിയിട്ടുണ്ടെങ്കിലും കനത്ത സുരക്ഷയോടെയാണ് പ്രവേശനം അനുവദിച്ചത്. ഓണനാളില്‍ മാത്രം പാലരുവിയില്‍ രണ്ടുലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്.
ഹൗസ് ബോട്ടുകള്‍ക്കും ഡിടിപിസി ബോട്ട് സര്‍വീസുകള്‍ക്കും മികച്ച ബുക്കിംഗും ലഭിച്ചു. വിവിധ കാര്‍ഷിക-വിപണന മേളകള്‍, അമ്യൂസ്മെന്റ് എക്സ്പോകള്‍, അവതാര്‍ വേള്‍ഡ് പോലുള്ള തീം ഷോകള്‍, സര്‍ക്കസ്, കുട്ടികളുടെ റൈഡുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ആശ്രാമം മൈതാനത്ത് വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഇതിന് പുറമെ, തേന്മല ഇക്കോ ടൂറിസം, പരപ്പാര്‍ ഡാം, ചരിത്രപ്രസിദ്ധമായ ജടായു എര്‍ത്ത് സെന്റര്‍, ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവിടങ്ങളിലും തദ്ദേശീയരും അന്യസംസ്ഥാനക്കാരുമായ സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ട്. സഞ്ചാരികള്‍ക്കായി ഡിടിപിസിയും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മഴ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും തിരക്കിന് കുറവുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയും വ്യാപാരികളും.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിംഗ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Tourist spots