ഇലഞ്ഞി വിസാറ്റ് കോളജ് കാമ്പസിൽ നടന്ന തൃക്കൊടി 2026 ഓണാഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം വിസാറ്റ് എൻജിനീയറിംഗ് അഡ്വൈസർ ഡോ. എബ്രഹാം ചെട്ടിശേരി നിർവഹിക്കു
കോതമംഗലം: എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പൊളിഓണം 2026 ഓണാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളിൽ കലാ-സാംസ്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവ അരങ്ങേറും.
ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 11ന് കോതമംഗലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് മെഗാപൂക്കളം ഒരുക്കും. വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തോടെയാണ് പൂക്കളം ഒരുക്കുന്നത്.
ഉച്ചയ്ക്ക് രണ്ടിന് കോതമംഗലം നഗരസഭാ പരിസരത്തുനിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. അയ്യായിരത്തോളം പേർ ഘോഷയാത്രയിൽ അണിനിരക്കും. പഞ്ചവാദ്യം, കാവടി, ശിങ്കാരിമേളം, ബാന്റ്സെറ്റ്, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങളും അണിനിരക്കും. ഘോഷയാത്ര കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
വൈകുന്നേരം നാലിന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൊളിഓണം 2026 ന്റെ ഉദ്ഘാടനം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എംപി, സിനിമാതാരം മിയ ജോർജ് എന്നിവർ മുഖ്യാതിഥികളാകും. വൈകിട്ട് ഏഴിന്, ഭൂതത്താൻകെട്ടിൽ ഒരുക്കിയിട്ടുള്ള ലൈറ്റ് ഇലൂമിനേഷനു സ്വിച്ച് ഓൺ നടക്കും. കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സംഘടനകളെയും ജനങ്ങളെയും ഒരുമിപ്പിച്ചാണ് പൊളിഓണം 2026 സംഘടിപ്പിക്കുന്നത്.
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഇലഞ്ഞി ടൗണിൽ നടന്ന പൊതു ഓണാഘോഷ പരിപാടികൾ ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിന് ശേഷം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച വർണാഭമായ സാംസ്കാരിക ഘോഷയാത്ര ഇലഞ്ഞി ടൗണിന് ഉത്സവപ്രതീതി പകർന്നു. കേരളീയ തനിമയാർന്ന പരമ്പരാഗത വേഷങ്ങളണിഞ്ഞ് വിദ്യാർഥികളും അധ്യാപകരും അണിനിരന്ന ഘോഷയാത്രയിൽ പഞ്ചായത്ത് അംഗങ്ങളും ഇലഞ്ഞി ലയൺസ് ക്ലബ് ഭാരവാഹികളും പങ്കെടുത്തു. ടൗൺ ചുറ്റി സഞ്ചരിച്ച ഘോഷയാത്ര ഇലഞ്ഞി സ്വകാര്യ ബസ് സ്റ്റാൻഡിൽ സമാപിച്ചു.
തുടർന്ന് കോളജ് കാമ്പസിൽ നടന്ന തൃക്കൊടി 2026 ഓണാഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം വിസാറ്റ് എൻജിനിയറിംഗ് അഡ്വൈസർ ഡോ. എബ്രഹാം ചെട്ടിശേരി നിർവഹിച്ചു. കാമ്പസിൽ വിദ്യാർഥികൾക്കായി ആകർഷകമായ പൂക്കളമത്സരവും വിവിധ കലാ-കായിക മത്സരങ്ങളും അരങ്ങേറി.
ത്രിവേണി ഓണാഘോഷം
മൂവാറ്റുപുഴ: നഗരസഭ സംഘടിപ്പിക്കുന്ന ത്രിവേണി ഓണാഘോഷത്തിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിക്കും. രാവിലെ 9.30ന് ആശ്രമം സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് പരിപാടി. മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍മാരെ ചടങ്ങില്‍ നഗരസഭയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ആദരിക്കും. നഗരസഭാ ടൗണ്‍ ഹാളില്‍ ഇന്ന് ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ നടക്കും. വൈകുന്നേരം അഞ്ചിന് ഫ്യൂഷന്‍ ചെണ്ടമേളത്തോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകുന്നത്. നാളെ വൈകുന്നേരം അഞ്ച് മുതല്‍ ആശ്രമം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കസവ് ഫാഷന്‍ ഷോയും ഡിജെ പരിപാടിയും അരങ്ങേറും. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാനും സിനിമാതാരം ഭാമയും പങ്കെടുക്കും. 23ന് ജെന്‍സി ഓണം സംഘടിപ്പിക്കും. 27ന് സിനിമാതാരങ്ങളുടെ സാന്നിധ്യത്തില്‍ മൂവാറ്റുപുഴയാറില്‍ ആവേശകരമായ വള്ളംകളി നടക്കും.
കൂത്താട്ടുകുളം: ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പാലക്കുഴ പഞ്ചായത്തിലെ മികച്ച വിദ്യാർഥി കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ഏഴാം ക്ലാസ് വിദ്യാർഥി എയ്ഡൻ ടോജിയെ കൂത്താട്ടുകുളം ഹോളി ഫാമിലി ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മരോട്ടിക്കൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് അത്തപ്പൂക്കള മത്സരം, വടംവലി മത്സരം തുടങ്ങിയ വിവിധ മത്സരങ്ങളും നടന്നു.വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനവിതരണവും ഓണ സന്ദേശവും അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് മരോട്ടിക്കൽ നിർവഹിച്ചു.
Tags : NattuVishesham DistrictNews