ദേശീയപാത കടന്നുപോകുന്ന മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപത്തെ തിരക്ക്.
സുല്‍ത്താന്‍ ബത്തേരി: വെള്ളിമാടുകുന്ന് മുതല്‍ മുത്തങ്ങ വരെയുള്ള ദേശീയപാത 766 ന്റെ ഏറ്റെടുക്കല്‍ ദേശീയപാതാ അഥോറിറ്റി ഒക്ടോബറോടെ പൂര്‍ത്തികരിക്കും. ഇതോടെ പാത നാലുവരിയാക്കുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൂടുമെന്ന പ്രതീക്ഷയിലാണ് വയനാടന്‍ ജനത.
പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റയില്‍ എന്‍എച്ച്എഐയുടെ സൈറ്റ് ഓഫിസ് തുറക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. പാത നാലുവരിയാക്കുന്നതിനുള്ള വിശദപദ്ധതിരേഖ (ഡിപിആര്‍) തയാറാക്കല്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികളെല്ലാം ഇനി കോഴിക്കോട് ദേശീയപാതാ അഥോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഓഫിസിന്റെ നിയന്ത്രണത്തിലാകും. സൈറ്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള പുതിയ ഉദ്യോഗസ്ഥ സംഘത്തെയും ഉടന്‍ നിയമിക്കും.
വെള്ളിമാടുകുന്ന് മുതല്‍ മുത്തങ്ങ വരെയുള്ള പാത കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കൈമാറിക്കൊണ്ട് നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്‍എച്ച്എഐ ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട നടപടിക്രമങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. നിലവിലുള്ള പാത നാല് വരിയാക്കുമ്പോള്‍ ടൗണുകളെ ഒഴിവാക്കി സമാന്തര പാത നിര്‍മിച്ചാണ് റോഡ് നിര്‍മാണം നടത്തുക. ഏകദേശം 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നാലുവരിയാക്കുന്നതിനുള്ള ഡിപിആര്‍ തയാറാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. കൊടുവള്ളി, താമരശേരി, ബത്തേരി, മീനങ്ങാടി എന്നിവിടങ്ങളില്‍ ബൈപാസുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്‍പ്പറ്റ ബൈപാസും വികസിപ്പിക്കും. താമരശേരി ചുരത്തിന് ബദല്‍പാതയായി ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ റോഡ് വികസിപ്പിക്കും.
ഡിപിആര്‍ തയാറാക്കുന്ന ഘട്ടത്തില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാതാ വിഭാഗത്തിന്റെ ഉടമസ്ഥതയിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുമായിരുന്നു പാത. റോഡില്‍ പ്രവൃത്തികള്‍ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന് കേന്ദ്ര മന്ത്രാലയത്തിന്റെ എന്‍ഒസി ആവശ്യമായിരുന്നു. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ പാത പൂര്‍ണമായി ദേശീയപാതാ അഥോറിറ്റിയുടെ നിയന്ത്രണത്തിലാകും. ഇതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അവധി ദിവസങ്ങളില്‍ ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും ദിവസേന യാത്ര ചെയ്യുന്നവാഹനങ്ങള്ക്കും യാത്രക്കാരും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
രാത്രിയാത്രാ നിയന്ത്രണം നിലനില്‍ക്കുന്ന ബന്ദിപ്പുര പാതയുമായി ബന്ധപ്പെട്ട യാത്രാപ്രശ്നങ്ങള്‍ക്കും ദേശീയപാതാ വികസനം പരോക്ഷമായി ആശ്വാസമാകും. വര്‍ഷങ്ങളായി കാത്തിരിക്കുന്ന ദേശീയപാതാ വികസനം യാഥാര്‍ഥ്യമായാല്‍ വയനാടിന്റെ ഗതാഗത മേഖലയ്ക്കും വ്യാപാര വിനോദസഞ്ചാര മേഖലകള്‍ക്കും വലിയ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ല.
Tags : Nattuvishesham District News National Highway 766 Site acquisition October