ഇരിട്ടി: ഇരിട്ടി ടൗണിൽ ഇന്നു മുതൽ സമ്പൂർണ്ണ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കും. നഗരസഭയും പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് പരിഷ്കരണം നടപ്പാക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾക്ക് ആദ്യഘട്ടത്തിൽ 250 രൂപയാണ് പിഴ. ഇരിട്ടി പാലം മുതൽ പയഞ്ചേരിമുക്കുവരെയാണ് പുതിയ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കുക.
ടൗണിൽ വിവിധ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്വകാര്യ വാഹനങ്ങൾക്ക് നിശ്ചയിച്ച സ്ഥലത്ത് അരമണിക്കൂർ മാത്രമേ നിർത്തിയിടാൻ പാടുള്ളൂ. കൂടുതൽ സമയം നിർത്തിയിടുന്ന വാഹനങ്ങൾ പേ പാർക്കിംഗ് സംവിധാനം ഉപയോഗിക്കണം. അല്ലെങ്കിൽ പോലീസ് കർശന നടപടി സ്വീകരിക്കും.
എല്ലാ സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ബസ് ബേകളും ടാക്സി, ഗുഡ്സ്, കോൾ ടാക്സി, ഓട്ടോറിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ നിർത്തിയിടേണ്ട സ്ഥലങ്ങളും കൃത്യമായി അടയാളപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മറ്റുവാഹനങ്ങൾ നിർത്തിയിടാൻ പാടില്ല.
ട്രാഫിക് സ്റ്റേഷൻ സ്ഥാപിക്കണം
ഇരിട്ടി ടൗണിലെ പാർക്കിംഗ് എക്കാലവും അധികൃതർക്ക് സങ്കീർണ പ്രശനമാണ്. ആദ്യഘട്ടങ്ങളിൽ നടപടി കടുപ്പിക്കുമെങ്കിലും പിന്നീട് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് ഒഴിവാകുന്നതോടെ ട്രാഫിക്ക്, പാർക്കിംഗ് സംവിധാനങ്ങൾ ശ്രദ്ധിക്കാൻ രണ്ട് ഗാർഡുകൾ മാത്രമാണ് അവശേഷിക്കുക.
പിഴയിടുന്നത് വർധിക്കുന്നതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പോലീസിന് സമ്മർദവും കൂടും. ഇതോടെ പോലീസ് നടപടിയിൽ അയവ് വരുത്തും. വേണ്ടത്ര സേനാബലം ഇല്ലാത്തതും മറ്റൊരു കാരണമായി പോലീസ് പറയുന്നു.
തിരക്കുള്ള സമയങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിച്ചാൽ മാത്രമേ നിയമലംഘനങ്ങൾ കണ്ടെത്തി തടയാൻ കഴയുകയുള്ളൂ. ഉത്സവകാലത്ത് കൊട്ടിയൂർ ഉൾപ്പെടെ വിവിധ ആരാധനാലയങ്ങളിലേക്ക് കർണാടകയിൽ നിന്ന് വാഹനങ്ങളുടെ വലിയ തിരക്കാണ് ഇരിട്ടിയിൽ അനുഭവപ്പെടുന്നത്.
ഇത് പരിഹരിക്കാനായി ഇരിട്ടി താലൂക്ക് ആസ്ഥാനമാക്കി ട്രാഫിക് പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യവും ശക്തമാണ് . ഇതുസംബന്ധിച്ച നഗരസഭ നേരത്തെ നൽകിയ അപേക്ഷ സർക്കാർ നിരസിച്ചിരുന്നു.
Tags : Nattuvishesham Districte News