പാലാ ബൈപാസില്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ലാത്ത ആര്‍വി ജംഗ്ഷന്.
പാലാ: ബൈപാസ് റോഡില്‍ പലയിടത്തും ഗതാഗതം തോന്നുംപടി. പ്രധാന ബൈപാസും പാലാ-കോഴാ റോഡും സന്ധിക്കുന്ന ആര്‍വി ജംഗ്ഷനില്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ നടപടികളില്ല.
ഇവിടെ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുകയാണ്. പാലാ ടൗണില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലമാണ് ആര്‍വി ജംഗ്ഷനെന്നും ഇവിടെ പോലീസ് സേവനം കാര്യക്ഷമമാക്കണമെന്നും ആവശ്യം ഉയര്‍ന്നു.
വീതിയേറിയ ബൈപാസ് റോഡ് വീതികുറഞ്ഞ പാലാ-കോഴാ റോഡിനെ മറികടക്കുന്നത് രണ്ടു കയറ്റങ്ങള്ക്കിടയിലുള്ള ആര്‍വി ജംഗ്ഷനിലൂടെയാണ്. വാഹനങ്ങള്‍ കയറ്റമിറങ്ങി മറുഭാഗത്തേക്ക് കയറ്റം കയറാനൊരുങ്ങി പോകുമ്പോള്‍ പാലാ- കോഴാ റോഡിലൂടെ വാഹനങ്ങള്‍ പോകുന്നത് പലപ്പോഴും ശ്രദ്ധയില്‍പ്പെടില്ല. നാലു ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ ഇവിടെയത്തി കുരുങ്ങിക്കിടക്കുന്നതും പതിവാകുന്നു.
പാലാ- കോഴാ റോഡില്‍ നിന്ന് വാഹനങ്ങള്‍ ബൈപാസിലെ രണ്ടു ഭാഗത്തേക്ക് തിരിയുമ്പോഴും മറ്റു വശങ്ങളില്നിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ തടസമുണ്ട്. ബൈപാസ് രൂപ കല്പന നടത്തുമ്പോള്‍ പാലാ -കോഴാ റോഡിന്റെ മുകളിലൂടെ മേല്‍പ്പാലം തീര്‍ക്കുവാന്‍ പദ്ധതിയിട്ടിരുന്നു.പിന്നീടിത് ഉപേക്ഷിക്കുകയായിരുന്നു. ബൈപാസ് സജീവമായതോടെ ആര്‍വി ജംഗ്ഷനിലെ ഗതാഗതക്കുരുക്കും വര്‍ധിച്ചു. ഇവിടെ ഗതാഗത നിയന്ത്രണ സംവിധാനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്തത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
Tags : bypass nattuvisesham local news