ഇരിട്ടി: ഇരിട്ടി നഗരത്തിലെ ഗതാഗത സംവിധാനം പരിഷ്കരിക്കാൻ നഗരസഭയും മോട്ടോർ വാഹന വകുപ്പും പോലീസും നടപടികൾ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പാർക്കിംഗ് മേഖല നിശ്ചയിക്കുന്നതിനും നിലവിലുളള സംവിധാനം മാറ്റുന്നതിനും മറ്റുമായി നഗരസഭ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, വ്യാപാരികൾ, മോട്ടോർ ട്രേഡ് യൂണിയൻ സംഘടന ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന സംഘം സംയുക്ത പരിശോധന നടത്തി. ജൂലൈ ഒന്നു മുതലാണ് ട്രാഫിക് പരിഷ്കാരം.
ഇരിട്ടി പാലം മുതൽ പയഞ്ചേരിമുക്ക് വരെയുള്ള ഭാഗങ്ങളിലെ വാഹനങ്ങളുടെ പാർക്കിംഗ് സ്ഥലങ്ങൾ, ബസുകളുടെ സ്റ്റോപ്പുകൾ എന്നിവ സംഘം പരിശോധിച്ചു. അടുത്തദിവസം ട്രാഫിക് കമ്മിറ്റി ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. തുടർന്ന് വിവിധ ഇടങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുകയും റോഡിൽ അടയാളങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും. തുടർന്നാണ് നഗരത്തിൽ പരിഷ്കാരം നടപ്പിലാക്കുക.
അനധികൃത വഴിയോര കച്ചവടവും നടപ്പാത കയ്യേറിയുള്ള വ്യാപാരവും കർശനമായി തടയും. അതിരാവിലെ വാഹനങ്ങൾ കൊണ്ടിട്ടശേഷം ദൂരെസ്ഥലങ്ങളിൽ ജോലിക്കും മറ്റും പോയിവരുന്നവർ പേ പാർക്കിംഗ് സൗകര്യം ഉപയോഗിക്കാതെ നടത്തുന്ന നിയമലംഘനം തടയും. നഗരത്തിലെ അംഗീകൃത പാർക്കിംഗ് ഏരിയകളിൽ നിർത്തിയിടാനുള്ള സമയം അരമണിക്കുറായി നിജപ്പെടുത്തും. പുതിയ ബസ് സ്റ്റാൻഡ് റോഡിന്റെ ഇടതുവശം നോ പാർക്കിംഗ് ഏരിയ ആയും വലതുവശം ഓട്ടോ സ്റ്റാൻഡായും നിലനിർത്തും.
താലൂക്ക് ഓഫിസ് കവല മുതൽ കല്യാൺ കട വരെ സ്വകാര്യ കാർ പാർക്കിംഗിനും മിൽമ ബുത്ത് മുതൽ കോഫി ഹൗസ്, ന്യൂ ഇന്ത്യാ ടാക്കീസ് കവല വരെ ഇരുചക്ര വാഹന പാർക്കിംഗിനും അര മണിക്കൂർ അനുവദിച്ചേക്കും.
ട്രാഫിക് കുരുക്ക് ഒഴിവാക്കുന്നതിനായി പോലീസും മോട്ടോർ വാഹന വകുപ്പും കർശന നിയമനടപടികൾ സ്വീകരിക്കും. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ബോർഡുകളും മറ്റും സ്ഥാപിക്കും. പാർക്കിംഗ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. നിലവിൽ പാർക്കിംഗ് നിയമലംഘനത്തിന് 250 രൂപയാണ് പിഴ ഈടാക്കുന്നത്.
Tags : Traffic problem Nattuvishesham Districte news