വടുവഞ്ചാൽ - മേപ്പാടി റോഡിൽ വട്ടത്തുവയൽ ജംഗ്ഷനിൽ കോടമഞ്ഞ് അനുഭവപ്പെട്ടപ്പോൾ.
സുൽത്താൻ ബത്തേരി: കാലവർഷം എത്തുന്നതിന് മുമ്പേ തന്നെ മഞ്ഞിന്റെ പുതപ്പണിഞ്ഞ് വയനാട്ടിലെ മലനിരകളും താഴ്് വാരങ്ങളും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് പെയ്യുന്ന ചാറ്റൽമഴയും തണുത്ത കാലാവസ്ഥയും വ്യാപകമായ കോടമഞ്ഞിന് വഴിവച്ചിരിക്കുകയാണ്. പകൽ സമയങ്ങളിലും നട്ടുച്ച നേരത്തുപോലും മഞ്ഞ് മൂടിയ നിലയിലായതിനാൽ പല പ്രദേശങ്ങളിലും കാഴ്ച ദൂരം ഗണ്യമായി കുറഞ്ഞു. ലക്കിടി ചുരം, മേപ്പാടി, വടുവഞ്ചാൽ, മുത്തങ്ങ, അന്പലവയൽ, സുൽത്താൻ ബത്തേരി പരിസരങ്ങൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞിന്റെ സാന്നിധ്യം കൂടുതലായി അനുഭവപ്പെട്ടത്.
മലഞ്ചെരിവുകളും വനമേഖലകളും പച്ചപ്പും കോടമഞ്ഞും ചേർന്ന് മനോഹര ദൃശ്യവിസ്മയം തീർത്തപ്പോൾ വാഹനയാത്രികർക്ക് ജാഗ്രതയോടെയുള്ള യാത്ര അനിവാര്യമായി. ഉച്ചസമയങ്ങളിലും മഞ്ഞ് നിലനിന്നത് പ്രദേശവാസികൾക്കും സന്ദർശകർക്കും അത്ഭുതമായി. ചിലയിടങ്ങളിൽ ഏതാനും മീറ്റർ അകലെയുള്ള വസ്തുക്കൾ പോലും വ്യക്തമായി കാണാൻ കഴിയാത്ത സാഹചര്യമുണ്ടായി.
വേനൽമഴ ശക്തമായതോടെ വയനാട്ടിലെ കാടുകളും വയൽപ്പാടങ്ങളും കൂടുതൽ പച്ചപ്പണിഞ്ഞതും മഞ്ഞിന്റെ ഭംഗി ഇരട്ടിയാക്കിയിട്ടുണ്ട്.കാലവർഷത്തിന്റെ മുന്നോടിയായുള്ള അന്തരീക്ഷ മാറ്റങ്ങളുടെ ഭാഗമായാണ് ഈ പ്രതിഭാസമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. മഴയും തണുപ്പും തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞ് ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. റോഡുകളിൽ കാഴ്ചക്കുറവ് അനുഭവപ്പെടുന്നതിനാൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Tags : Local News Nattuvishesham Wayanad