കെപി റോഡിൽ ചാരുംമൂട് വിവിഎച്ച്എസ്എസ് സ്കൂളിന് സമീപം പാലൂത്തറ ജംഗ്ഷനിൽ റോഡിലേക്ക് മരം ഒടിഞ്ഞുവീണപ്പോൾ.
ചാരുംമൂട്: കായംകുളം-പുനലൂർ കെപി റോഡിൽ പാതയോരത്തുനിന്ന കൂറ്റൻ മരത്തിന്റെ ശിഖരം റോഡിലേക്ക് ഓടിഞ്ഞുവീണതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. മരം ഒടിഞ്ഞു വീഴുമ്പോൾ റോഡിലൂടെ സഞ്ചരിച്ച ഓട്ടോഡ്രൈവർ തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.
ചാരുംമൂട് വിവിഎച്ച്എസ്എസ് സ്കൂളിന് സമീപം പാലൂത്തറ ജംഗ്ഷനിലാണ് ഇന്നലെ രാവിലെ പതിനൊന്നോടെ റോഡരുകിൽനിന്ന കൂറ്റൻമരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണത്. മഴയോ കാറ്റോ ഇല്ലാത്ത സമയത്താണ് മരം ഒടിഞ്ഞുവീണത്. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ഓട്ടോറിക്ഷ ഉൾപ്പെടെ വാഹനങ്ങൾ കടന്നുവന്നെങ്കിലും മരം ഒടിഞ്ഞു വീഴുന്നത് കണ്ട് ഇവർ വാഹനം നിർത്തി ഓടി മാറുകയായിരുന്നു.
ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായത്. സ്കൂളിന് സമീപത്തുള്ള ബസ് സ്റ്റോപ്പ് കൂടി ആയതിനാൽ രാവിലെയും വൈകിട്ടും നിരവധി വിദ്യാർഥികളാണ് ഇവിടെ എത്തുന്നത്. സമീപത്തെ വ്യാപാരികളും നാട്ടുകാരും സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് ഒടിഞ്ഞുവീണ മരത്തിന്റെ ശിഖരങ്ങൾ വെട്ടി മാറ്റിയതിനെത്തുടർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കായംകുളം-പുനലൂർ കെപി റോഡിലും കെഐപി കനാൽ റോഡിന് സമീപവും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ അപകടഭീഷണി ഉയർത്തുന്നത് സംബന്ധിച്ച് ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കെപി റോഡിൽ കറ്റാനം മുതൽ അടൂർ വരെയുള്ള റോഡിന്റെ വശങ്ങളിലാണ് ഏതുനേരവും നിലംപതിക്കാൻ പാകത്തിലുള്ള മരങ്ങൾ യാത്രക്കാരുടെ ജീവന് ഭീഷണിയായി നിൽക്കുന്നത്.
പല മരങ്ങളും ഉണങ്ങിയും അടിഭാഗം ദ്രവിച്ചും ചുവട്ടിലെ മണ്ണിളകിയും കാറ്റിൽ ചാഞ്ഞും നിൽക്കുകയാണ്. സ്കൂൾ കുട്ടികളും സ്കൂൾ വാനുകളും രാവിലെയും വൈകിട്ടും കടന്നുപോകുന്ന പ്രധാനപ്പെട്ട പാതയോരങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നാണാവശ്യം. മരങ്ങൾ മുറിച്ചുനീക്കണമെന്നാവശ്യവുമായി ധാരാളം പരാതികൾ കളക്ടർ ഉൾപ്പെടെയുള്ളവർക്കു നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ലന്ന് നാട്ടുകാർ പറയുന്നു.
Tags : Nattuvishesham District news