പ്രതീകാത്മക ചിത്രം
കൊട്ടിയൂർ: ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ ആയില്യാർ കാവിലെ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തെച്ചൊല്ലി കൊട്ടിയൂരിൽ പ്രതിഷേധം ശക്തമാകുന്നു. മരംമുറിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതിഷേധമാർച്ചും നാമജപ കൂട്ടായ്മയും സംഘടിപ്പിച്ചു. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കുറിച്യ സമുദായത്തിനു മാനഹാനിയുണ്ടാക്കുന്ന വിധം പ്രസ്താവന നടത്തിയെന്നാരോപിച്ചായിരുന്നു ജില്ലാ കുറിച്യ മുന്നേറ്റസമിതിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ ദേവസ്വം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
കുറിച്യ മുന്നേറ്റ സമിതി പ്രസിഡന്റ് സി. സതീഷിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സംഗമം ഗോത്ര അവകാശ സംരക്ഷണ സമിതി സംസ്ഥാന സംയോജകൻ സുഷാന്ത് നരിക്കോട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. വിജേഷ്, എൻ. രാജൻ, കൊളക്കാടൻ കേളപ്പൻ, സി.പി. ബിന്ദു, സി.പി. രാഘവൻ, ഭാസ്കരൻ, എം. സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.
കൊട്ടിയൂർ മഹാദേവക്ഷേത്ര കുടിപതിസംഘത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രസന്നിധിയിൽ നാമജപ കൂട്ടായ്മ നടന്നു. കാവിന്റെ വിശുദ്ധിയും ആചാരമഹിമയും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ചെറിയത്ത് പ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മയ്ക്ക് കെ. മുകുന്ദൻ, കുടിപതി സംഘം സെക്രട്ടറി അജിത് കുമാർ, പി. നാരായണൻ നായർ, സി. ഉണ്ണികൃഷ്ണൻ, സുധീർ ബാബു, സതീഷ് ബാബു, ശശിധരൻ, പി.ടി. വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.