മുഹമ്മ: ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പാതിരാമണൽ ദ്വീപിന് വിളിപ്പാടകലെ കുബ്ലിക്കാട് മേഖലയിൽ ആരംഭിച്ച മണൽ ഖനനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സമരത്തിനു മുന്നോടിയായി വേമ്പനാട്ട് കായലാൽ പാതിരാമണൽ ദ്വീപിനു സമീപം മത്സ്യത്തൊഴിലാളികളും കക്കാ ത്തൊഴിലാളികളും കുറ്റികൾ നാട്ടി. വരും ദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തുമെന്ന് തൊഴിലാളികൾ പറഞ്ഞു.
ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കണ്ണങ്കര മേഖലയിൽ നടന്ന ഖനനം ജനകീയ സമ്മർദത്തെത്തുടർന്ന് നിലച്ചതിനാലാണ് കുബ്ലിക്കാട് മേഖലയിലേക്ക് ഖനനം മാറ്റിയത്. വിനോദ സഞ്ചാരികളുടെ പറുദീസയായി മാറുന്ന പാതിരാമണൽ ദ്വീപിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന രീതിയിലാണ് ഖനനം ആരംഭിച്ചിട്ടുള്ളത്.
20,000 ടൺ മണലാണ് ഖനനം ചെയ്യാൻ അനുവാദമുള്ളതെങ്കിലും ലക്ഷക്കണക്കിന് ടൺ മണലാണ് നീക്കം ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. ഖനനം നടത്തുന്നവർ കരിഞ്ചന്തയിൽ മണൽ വിൽക്കുന്നുണ്ടെങ്കിലും അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. മത്സ്യ-കക്കാ മേഖലകളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിലാകും. മണൽലോറികൾ നിരന്തരം ഓടി റോഡുകൾ താറുമാറായാൽ പാതിരാമണൽ ദ്വീപിലെത്തുന്ന ടൂറിസ്റ്റുകളുടെ ഗ്രാമ കാഴ്ചകളിലേക്കുള്ള വാതായനങ്ങൾ അടയുന്ന സ്ഥിതിയുണ്ടാകും.
കയിപ്പുറം കവല-കായിപ്പുറം ജെട്ടി റോഡ്, തുരുത്തൻ കവല -കൂബ്ളിക്കാട് ജെട്ടി റോഡ് എന്നിങ്ങനെ കോടികൾ മുടക്കി നിർമിച്ച റോഡുകൾ പുനർനിർമിക്കേണ്ട സാഹചര്യമുണ്ടാകും. മണൽലോറികൾ നിരന്തരം കടന്നുപോയാൽ റോഡുകൾക്കും വീടുകൾക്കും കനത്ത ക്ഷതമുണ്ടാകും.