കടുത്തുരുത്തി: ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ മത്സ്യത്തിന് വില ഉയര്‍ന്നു. രണ്ടാഴ്ച മുമ്പുവരെ കിലോഗ്രാമിനു 150 രൂപ വിലയുണ്ടായിരുന്ന മത്തിയുടെ വില ഇപ്പോള്‍ ഇരട്ടിയിലധികമായി. ഏറ്റവും കൂടുതല്‍ വില്പനയുള്ള മത്സ്യമാണിത്. നിരോധനം നടപ്പായതോടെ വള്ളക്കാര് കടലില്‍നിന്നു കൊണ്ടുവരുന്ന മത്സ്യം മാത്രമാണ് വില്പന കേന്ദ്രങ്ങളില്‍ എത്തുന്നത്.
ബോട്ടുകള്‍ക്കു മത്സ്യബന്ധനത്തിന് അനുമതിയില്ല. ഇത്തവണ വള്ളത്തില്‍ പോകുന്നവരുടെ എണ്ണവും കുറവാണ്. ഡീസല്‍ വില ഓരോ ദിവസവും വര്‍ധിക്കുന്ന സാഹചര്യം വന്നതോടെ വള്ളങ്ങള്‍ പലതും കരയില്‍ വിശ്രമിക്കുകയാണ്. ഇതോടെ മത്സ്യലഭ്യത കുറഞ്ഞു. ഇനിയും ലഭ്യത കുറഞ്ഞാല്‍ ഗോവ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു മത്സ്യം എത്തിക്കേണ്ടി വരും.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുടെ അളവ് കൂടുതലാണ്. അതുകൊണ്ടുതന്നെ വ്യാപാരികള്‍ക്ക് ഇത് എത്തിക്കുന്നതിനു താത്പര്യമില്ല.
മത്തി-330, അയല- 350, കിളി-380, തിലോപ്പിയ-140, കൊഴുവ-200-240, ചെമ്മീന്‍-360-400, കൂന്തല്‍ 380, ചെമ്പല്ലി-320, തിരുത-480 എന്നിങ്ങനെയാണ് നിലവിലെ വില. ഇതിനിയും വർധിക്കാനാണ് സാധ്യത. ട്രോളിംഗ് നിരോധനം വന്നപ്പോള്‍ നാട്ടിലെ മത്സ്യ കര്‍ഷകരുടെ ഫാമുകളില്‍ വരുമാനം വര്‍ധിച്ചു. വിഷമയം ഇല്ലാത്ത മത്സ്യത്തിന് ആവശ്യക്കാര്‍ വര്‍ധിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വരാല്, തിലോപ്പിയ തുടങ്ങിയ ഇനങ്ങള്‍ കൂടുതലായി വിറ്റുപോകുന്നു. ഒട്ടേറെ പേര് ഫാമുകളിലെത്തി മത്സ്യം നേരിട്ടു വാങ്ങുകയാണ്. അതിനിടെ മത്സ്യക്കൃഷി നടത്തുന്ന കര്‍ഷകരെ സഹായി ക്കാന്‍ ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളില്‍ രൂപീകരിച്ച മത്സ്യ കര്‍ഷക ക്ലബ്ബുകള്‍ ഇപ്പോഴും നിര്‍ജീവാവസ്ഥയിലാണ്.
എല്ലാ പഞ്ചായത്തുകളിലും ക്ലബ് രൂപീകരണം നടന്നെങ്കിലും തുടര്‍ പ്രവര്‍ത്തനം മന്ദഗതിയിലാണ്. ക്ഷീരോത്പാദക സൊസൈറ്റി മാതൃകയില്‍ കര്‍ഷകര്‍ക്കു സബ്സിഡി ഉള്‍പ്പെടെ ആനുകൂല്യങ്ങളും മത്സ്യത്തീറ്റയും വിതരണം ചെയ്യുകയും കര്‍ഷകരുടെ കൂട്ടായ്മ ഉറപ്പു വരുത്തുകയുമായിരുന്നു ലക്ഷ്യം.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ മത്സ്യകര്‍ഷകരുടെ എണ്ണം വര്‍ധിച്ചെങ്കിലും വിപണി സാധ്യത ഇപ്പോഴും പഴയപടി തന്നെയാണ്. മെച്ചപ്പെട്ട രീതിയില്‍ വില്പന നടത്താന്‍ ഇപ്പോഴും കര്‍ഷകര്‍ക്കു സാധിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യക്കൃഷി, സുഭിക്ഷ കേരളം, കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി മത്സ്യസമൃദ്ധി യോജന തുടങ്ങിയ പദ്ധതികള്‍ പ്രയോജനപ്പെടുത്തിയാണ് കര്‍ഷകര്‍ മത്സ്യകൃഷി നടത്തുന്നത്.
Tags : skyrocket Nattuvishesham district news