പ്രതീകാത്മക ചിത്രം
തൊടുപുഴ: ലോകകപ്പ് ഫൈനല്‍ ഫുട്ബോള്‍ മത്സരം ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ച വേളയില്‍ സുരക്ഷയ്ക്കായി എത്തിയ കരിമണ്ണൂര്‍ എസ്ഐ എന്‍.എസ്. റോയിയും സിപിഒ ജിജോ ആന്റണിയും മദ്യപിച്ചിരുന്നതായി രക്തപരിശോധനാഫലം വന്നതിനെത്തുടര്‍ന്ന് ഇരുവരെയും സസ്പെന്‍ഡ് ചെയ്തു. കാക്കനാട് റീജണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലാബില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇരുവരും മദ്യപിച്ചിരുന്നതായി വ്യക്തമായത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡിഐജിക്ക് കൈമാറിയിരുന്നതായി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു.
സംസ്ഥാനത്ത് ഓപ്പറേഷന് തൂഫാന് കാമ്പയിന് നടക്കുന്നതിനിടെയാണ് പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ഇരുവരും എത്തിയ ഔദ്യോഗിക വാഹനത്തില്‍നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും നിരോധിത പുകയില ഉത്പന്നവും ചീട്ടും കണ്ടെത്തിയിരുന്നു. രക്തപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 20നു പുലര്‍ച്ചെ തൊടുപുഴ മങ്ങാട്ടുകവലയിലായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ് ഡിവൈഎഎഫ്ഐ പ്രവര്‍ത്തകര്‍ വാഹനം തടയുകയും തൊടുപുഴ സിഐ സിജോ വര്‍ഗീസിനെ വിവരമറിയിക്കുകയും ചെയ്തു. അദ്ദേഹമെത്തി വാഹനം പരിശോധിച്ച് മദ്യക്കുപ്പി കണ്ടെടുക്കുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് രക്തസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. നിലവില്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിട്ടില്ല.
ഡ്യൂട്ടി സമയത്ത് മദ്യപിച്ചതും മദ്യക്കുപ്പിയടക്കമുള്ളവ ഔദ്യോഗിക വാഹനത്തില്‍ സൂക്ഷിച്ചതും കേസിന്റെ ഭാഗമായാകും പരിഗണിക്കുകയെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് എ. നസീം പറഞ്ഞു. ഇതിനിടെ വാഹനം തടയുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും ആരോപിച്ച് 200 പേര്‍ക്കെതിരേ പോലീസ് കേസെടത്തിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.
ഹര്‍ജി പരിഗണിച്ച കോടതി പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ വെള്ളിയാഴ്ച നോട്ടീസ് അയച്ചിരുന്നു. സംഭവം ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്ന കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണവും തേടിയ സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ അടിയന്തരമായി വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്.