കാട്ടാനകളെ തുരത്തി പെരിയാർ കടത്തി വിടാൻ വനപാലകരുടെ നേതൃത്വത്തിൽ നടത്തിയ നടപടികൾ വീക്ഷിക്കാൻ എത്തിയ ഷിബു തെക്കുംപുറം എംഎൽഎ പഞ്ചായത്ത് പ്രസിഡന്റ് റീന ജ
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് മേഖലയിൽ കടന്ന രണ്ട് കാട്ടാനകളെ പെരിയാർ കടത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുന്നേക്കാട് മേഖലയിലെത്തിയ കാട്ടാനകളെ തുരത്തി പെരിയാർ കടത്തി വിടുന്നതിനുള്ള നടപടികൾക്ക് ഇന്നലെ തുടക്കമായത്.
പുന്നേക്കാട് വനപാലകർ കാട്ടാനകളെ തുരത്തുന്നത് വീക്ഷിക്കാൻ ഷിബു തെക്കും പുറം എംഎൽഎയും എത്തിയിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.
എല്ലാ രാഷ്ട്രീയകക്ഷികളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെയാണ് നടപടി പുരോഗമിക്കുന്നത്. പ്രശ്ന പരിഹാരത്തിനായി വിവിധ രാഷ്ട്രീയകക്ഷികളും ജനപ്രതിനിധികളും പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും നാട്ടുകാരും ഒരുമിച്ച് മുന്നോട്ടുവന്നത് അഭിനന്ദനാർഹമാണെന്നും എംഎൽഎ പറഞ്ഞു.
പുന്നേക്കാട് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടന്നുവരുന്നത് തടയുന്നതിനായി ഫെൻസിംഗ് നിർമാണം ഏതാനും ആഴ്ചകൾക്കകം പൂർത്തിയാക്കുന്ന രീതിയിൽ നടപടികൾ പുരോഗമിക്കുകയാണെന്നും രാത്രികാലങ്ങളിൽ പെരിയാറിൽ ബോട്ടിൽ പട്രോളിംഗ് നടത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.
റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളെ മേഖലയിൽ സ്ഥിരമായി നിയോഗിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. തുടർ നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഓഗസ്റ്റ് മൂന്നിന് വൈകിട്ട് മൂന്നിന് എംഎൽഎയും, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും, ജനപ്രതിനിധികളും, ഡിഫ്ഒ അടക്കമുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരുമടക്കം കീരംപാറ പഞ്ചായത്തിൽ സംയുക്തയോഗം ചേരും. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
മേഖലയിലെ പ്രധാന റോഡുകളിൽ വെളിച്ചം ഉറപ്പാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. പുന്നേക്കാട്–തട്ടേക്കാട് റോഡിൽ വൈദ്യുതിവിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതിനൊപ്പം ഇതര റോഡുകളിലും സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും നടപടിയുണ്ടാകും.
കാട്ടാന ശല്യം രൂക്ഷമായ മേഖലകളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വന്യജീവികളും ജനങ്ങളും തമ്മിലുള്ള സംഘർഷം കുറയക്കുന്നതിനുള്ള ദീർഘകാല പദ്ധതികൾക്കും പ്രാധാന്യം നൽകുമെന്ന് എംഎൽഎ പറഞ്ഞു. ഫെൻസിംഗ്, രാത്രികാല പട്രോളിംഗ്, ആർആർടി സംവിധാനം, റോഡുകളിൽ വെളിച്ചം എന്നിവ ഉൾപ്പെടെയുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി കീരംപാറ പഞ്ചായത്തിലെ കാട്ടാന ശല്യത്തിന് ശക്തമായ പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും എംഎൽഎ വ്യക്തമാക്കി.
Tags : Nattuvishesham DistrictNews DeepikaNews elephants