പ്രതീകാത്മക ചിത്രം
കൊല്ലം: ബലിതര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വര്‍ക്കലയിലേക്ക് യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ബസില്‍ യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ രണ്ട് സ്ത്രീകളെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ ലക്ഷ്മി (31), മധുരൈ സ്വദേശിയായ വല്ലി(34) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ എട്ടുമണിയോടെ ബലിതര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പാരിപ്പള്ളി ജംഗ്ഷനില്‍നിന്നു വര്‍ക്കലയിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ രണ്ടര പവന് തൂക്കമുള്ള സ്വര്‍ണമാല പ്രതികള്‍ ചേര്‍ന്ന് പൊട്ടിച്ചെടുക്കുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട സഹയാത്രക്കാര്‍ പ്രതികളെ തടഞ്ഞുവെച്ച് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പാരിപ്പള്ളി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിന് അകത്തും പുറത്തുമായി സമാന രീതിയിലുള്ള നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായ ലക്ഷ്മിയും വല്ലിയും.