ഉളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ്
ഉളിക്കൽ: കാർഷിക മേഖലയുമായി ബന്ധപ്പെട്ട് മികച്ച പ്രവൃത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ സി. അച്യുതമേനോൻ കാർഷിക അവാർഡ് തിളക്കത്തിൽ ഉളിക്കൽ പഞ്ചായത്തും. സംസ്ഥാനത്ത് കാർഷികമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡാണ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനൊപ്പം ഉളിക്കൽ പഞ്ചായത്തും പങ്കിട്ടത്. ഒന്നാം സ്ഥാനക്കാർക്കുള്ള 10 ലക്ഷം രൂപ ഇരുസ്ഥാപനങ്ങളും പങ്കുവയ്ക്കും.
2023-24, 2024-25, 2025-26 കാലയളവിലെ പ്രവർത്തന മികവിനാണ് അവാർഡ്. മികച്ച പ്രവർത്തനങ്ങൾക്ക് 2023-24ൽ ജില്ലയിൽ രണ്ടും 2024-25ൽ ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. 2025-26ൽ ഇത് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനമാക്കി ഉയർത്തി. പഞ്ചായത്തിന് സംസ്ഥാനതലത്തിൽ ലഭിച്ച നേട്ടം കർഷകർക്കും കൃഷി ഉദ്യോഗസ്ഥർക്കും ഭരണസമിതിക്കും മുൻ ഭരണ സമിതിക്കുമുള്ള അംഗീകാരം കൂടിയാണ്. ഇതിനായി മുൻ കൃഷി ഓഫീസർമാരായിരുന്ന പി. അശ്വതി, കെ.ജെ. രേഖ, നിലവിലെ കൃഷി ഓഫീസർ ജിംസി മരിയ, കൃഷി അസിസ്റ്റന്റ് ആൻമരിയ എന്നിവരുടെ ചിട്ടയായ പ്രവർത്തനങ്ങളും സഹായകരമായി.
വിവിധ തലങ്ങളിലെ മികവാണ് അവാർഡിന് പരിഗണിച്ചത്. സംസ്ഥാനത്ത് സ്വന്തമായി കാർഷിക നഴ്സറിയുള്ള ഏക പഞ്ചായത്ത്, തൊഴിലുറപ്പ്, കുടുംബശ്രീയുമായി ബന്ധപ്പെട്ട കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്ക് കുടുതൽ തുക ചെലവഴിക്കൽ, 22 വാർഡിലെയും കർഷകർ അംഗങ്ങളായ കാർഷിക കർമസേന, 56 മാതൃക കൃഷിക്കൂട്ടങ്ങൾ, വന്യമൃഗ ആക്രമണം തടയുന്നതിന് വിവിധ വകുപ്പുകളുടെ സഹായത്തോടെ തീർത്ത സോളാർ തൂക്കുവേലി, മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ, മികച്ച കർഷകരെ ഉൾപ്പെടുത്തി 36 മാതൃക കൃഷി തോട്ടങ്ങൾ, പച്ചക്കറി സ്വയം പര്യാപ്തമാക്കുന്നതിന് വീടുകളിൽ ഓരോ വർഷവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന 80000 ത്തോളം പച്ചക്കറി തൈകൾ തുടങ്ങി കാർഷിക മേഖലയുടെ സമഗ്ര വികസന ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഉളിക്കൽ പഞ്ചായത്ത് ഒന്നാമതെത്തിയത്.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അവാർഡ് നിലനിർത്തുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി പറഞ്ഞു.
Tags : Nattuvishesham Districtnews Ulikkal Panchayat