കോഴിക്കോട്: മഴ ശക്തമായതോടെ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളിലും നഗരങ്ങളിലുമെല്ലാം വെള്ളക്കെട്ട് രൂക്ഷമാണെന്നും ഇതിന് ഉടന്‍ പരിഹാരം വേണമെന്നും എംഎല്‍എമാര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. പലയിടത്തും ചെളിയടിഞ്ഞ് ജനം ദുരിതമനുഭവിക്കുകയാണ്. ഗതാഗതക്കുരുക്കിനും ഇത് കാരണമാകുന്നെന്നും എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എംഎസ് മാധവിക്കുട്ടി അധ്യക്ഷയായി.
ജലജീവന്‍ മിഷന് പ്രവൃത്തികള്‍ക്കായി പൊളിച്ചിട്ട റോഡുകള്‍ ദീര്‍ഘകാലമായി നന്നാക്കാതെ കിടക്കുകയാണെന്നും ഇതിന് പരിഹാരം വേണമെന്നും കെ.എം. അഭിജിത്ത് എംഎല്‍എ ആവശ്യപ്പെട്ടു.
ഫണ്ട് ലഭ്യമായതിനാല്‍ മഴ മാറിയയുടന്‍ പ്രവൃത്തികള്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. വാണിമേല്‍ പുഴ ശുചീകരിച്ചപ്പോള്‍ കൂട്ടിയിട്ട മണ്ണും കല്ലുകളും പുഴയില്‍ തിരിച്ചെത്തുന്ന സാഹചര്യമുണ്ടെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. തീരം ബലപ്പെട്ട ശേഷം തുടര്‍പ്രവൃത്തികള്‍ നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊയിലാണ്ടി നഗരത്തില്‍ വെള്ളക്കെട്ടും ചെളിയും കാരണം ജനങ്ങളും വ്യാപാരികളും ദുരിതമനുഭവിക്കുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വേഗത്തില്‍ നടപടിയെടുക്കണമെന്നും അഡ്വ. പ്രവീണ്‍ കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. കാപ്പാട് കടല്‍ഭിത്തി നിര്‍മാണം വേഗത്തിലാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.തോടുകളും കനാലുകളുമെല്ലാം വ്യാപകമായി കൈയേറിയിട്ടുണ്ടെന്നും സര്‍വേ നടത്തി പൂര്‍വസ്ഥിതിയിലാക്കണമെന്നും അഡ്വ. ഫൈസല്‍ ബാബു എംഎല്‍എ ആവശ്യപ്പെട്ടു.
കോഴിക്കോട് നഗരത്തില്‍ പലയിടത്തും മഴ പെയ്താല്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയുണ്ടെന്നും അഴുക്കുചാല്‍ സംവിധാനം കാര്യക്ഷമമാക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. നഗരത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഫണ്ടില്‍നിന്ന് അനുവദിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
കോഴിക്കോട് സൗത്ത് ബീച്ചിലെ തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന് എംഎല്‍എ അറിയിച്ചപ്പോള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ തുറമുഖ വകുപ്പിനോട് കളക്ടര്‍ നിര്‍ദേശിച്ചു.കുറ്റ്യാടി ബൈപാസ് നിര്‍മാണവും വടകര-മാഹി കനാലിന്റെ ഭാഗമായ ചേരിപൊയില്‍-കോട്ടപ്പള്ളി സൈഡ് റോഡ് നിര്‍മാണവും ലോകനാര്‍കാവ് മ്യൂസിയം നിര്‍മാണവും വേഗത്തിലാക്കണമെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ ആവശ്യപ്പെട്ടു. മാവൂര്‍-എന്‍ഐടി-കൊടുവള്ളി റോഡിന് സ്ഥലം ഏറ്റെടുക്കലും യൂട്ടിലിറ്റി ഷിഫ്റ്റിങ്ങും ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എം.എ. റസാഖ് എംഎല്‍എ ആവശ്യപ്പെട്ടു.
നൊച്ചാട്, ചക്കിട്ടപ്പാറ, ചെമ്പനോട, ചങ്ങരോത്ത് വില്ലേജുകളിലെ പട്ടയ വിതരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ജാനകിവയല്‍ പ്രദേശത്തെ കൈവശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അഡ്വ. ഫാത്തിമ തഹ്ലിയ എംഎല്‍എ ആവശ്യപ്പെട്ടു.