ഉടുമ്പന്നൂര്‍: കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അഗ്രി ടൂറിസം മേഖലയിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുകയും കാര്‍ഷിക ഉത്പന്നങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ഗവ. ചീഫ് വിപ്പ് അബൂ ജോണ്‍ ജോസഫ്. കിസാന്‍ സര്‍വീസ് സൊസൈറ്റി ഉടുമ്പന്നൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക സംഗമവും കര്‍ഷകര്‍ക്ക് 80 ശതമാനം സബ്സിഡിയോടെ ലഭ്യമാക്കിയ കാര്‍ഷിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയെ ലാഭകരമാക്കാന്‍ ഉത്പാദനത്തിനൊപ്പം സംസ്കരണം, ബ്രാന്‍ഡിംഗ്, വിപണനം എന്നിവയ്ക്കും പ്രാധാന്യം നല്‍കണം. കേരളത്തിലെ ഗ്രാമീണ മേഖലകളില്‍ അഗ്രി ടൂറിസത്തിന് വലിയ സാധ്യതകളുണ്ടെന്നും അതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ ചെയര്മാന് ഡോ. ജോസ് തയ്യില്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ടി.ജി. മോഹനന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോയി മൂക്കന്‍തോട്ടം, ജില്ലാ പ്രസിഡന്റ് പി.എ. ജോണ്‍, ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേന്ദ്രന്, ബിജോ ചെറിയില്‍, ബിജു മമ്മൂട്ടില്‍, ജോണി മുതലക്കുഴി, ആന്‍സണ്‍ ജോസഫ്, ടോണി, ജെയ്സണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷകരുടെ ഉന്നമനത്തിനും കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനുമായി കിസാന്‍ സര്‍വീസ് സൊസൈറ്റി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ യോഗത്തില്‍ വിശദീകരിച്ചു.