ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ വാഹനം
കൊല്ലം: ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ വാഹനം കട്ടപ്പുറത്തായതോടെ ജില്ലയില്‍ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം താളംതെറ്റി. വാഹന സർവീസ് നിലച്ചതോടെ കൊതുക് നശീകരണം അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ നടത്താനാകാത്ത സ്ഥിതിയാണ്.
ഇൻഷുറൻസ് തുക അടയ്ക്കാൻ പണം ഇല്ലാത്തതിനാലാണ് വാഹനസർവീസ് മുടങ്ങിയത്. 58,000രൂപയാണ് അടയ്ക്കണ്ടത്. ഇതു ലഭ്യമാക്കാൻ സർക്കാർ തയാറാകാത്തത് ആശങ്കയ്ക്കിടയാക്കുന്നു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കായി എം. മുകേഷ് എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ച് വാങ്ങിയതാണ് വാഹനം. മലേറിയ, ഡെങ്കിപ്പനി ഉൾപ്പെടെ പ്രാണിജന്യ പ്രതിരോധ പ്രവർത്തനത്തിനു വേണ്ടിയുള്ളതാണ് വാഹനം.
ജില്ലയിൽ അഞ്ചുമാസത്തിനിടെ 12 പേർക്കു മലേറിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർ താമസിക്കുന്നതിന്റെ സമീപത്തെ വീടുകളിൽ ഭിത്തികളുടെ ഉൾവശത്ത് മരുന്നു സ്പ്രേ ചെയ്താണ് രോഗത്തെ പ്രതിരോധിക്കുന്നത്. എന്നാൽ ഈ വാഹനം കട്ടപ്പുറത്തായതോടെ പ്രവർത്തനം പാളി.
കൊതുക് നശീകരണത്തിനു പുകയ്ക്കുന്നതിനുള്ള ഉപകരണം, മലേറിയ റിപ്പോർട്ട് ചെയ്യുന്ന സ്ഥലത്ത് സ്പ്രേയിംഗ് (ഐആർഎസ്) നടത്തുന്നതിനുള്ള ഉപകരണം, കെമിക്കലുകൾ എന്നിവയും കൂടുതൽ ജീവനക്കാരെ കൊണ്ടുപോകുന്നതിനുമാണ് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന് വാഹനം അനുവദിച്ചത്.
Tags : Local News Nattuvishesham Kollam