വടക്കഞ്ചേരി: കഴിഞ്ഞ സിപിഎം ഭരണകാലത്ത് പുതുക്കോട് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടെ നടന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും നിയമന തട്ടിപ്പും സംബന്ധിച്ച് വിജിലൻസ് വിഭാഗം പഞ്ചായത്ത് ഓഫീസിലെത്തി പരിശോധന നടത്തി.
വ്യാജരേഖയിൽ ഡിവൈഎഫ്ഐ നേതാവിന് ജോലി നൽകിയതുമായി ബന്ധപ്പെട്ട ഫയലുകളും മറ്റും പരിശോധിച്ച് പകർപ്പുകൾ എടുത്തിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ. ഉദയൻ പറഞ്ഞു. കൂടുതൽ പരിശോധന നടത്തി തുടർനിർദേശങ്ങൾ നൽകാമെന്നു വിജിലൻസ് സംഘം പറഞ്ഞതായി പ്രസിഡന്റ് അറിയിച്ചു.
മൂന്നംഗസംഘം രാവിലെ 11 മുതൽ നാലുമണിക്കൂർനേരം ഫയൽ പരിശോധന നടത്തി. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് 20 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നിട്ടുള്ളതായാണ് പ്രാഥമിക കണ്ടെത്തലെന്നു പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ. ഉദയൻ പറഞ്ഞു. തട്ടിപ്പിൽ പങ്കാളികളായ സിപിഎം നേതാക്കൾ ആരൊക്കെയെന്ന് വെളിച്ചത്തു കൊണ്ടുവരും.
അർഹരായ സാധാരണകാർക്ക് ലഭിക്കേണ്ട തൊഴിലുംകൂലിയും തട്ടിയെടുക്കാൻ കൂട്ടുനിന്നവർക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികളുമായും മുന്നോട്ടുപോകുമെന്നും പ്രസിഡന്റ് പറഞ്ഞു.
വ്യാജരേഖ ചമച്ച കേസിൽ അന്വേഷണം
ഊർജിതമാക്കണമെന്നു കോൺഗ്രസ്
വടക്കഞ്ചേരി: തൊഴിലുറപ്പു പദ്ധതിയിലെ വ്യാജനിയമനവുമായി ബന്ധപ്പെട്ട് പുതുക്കോട് പഞ്ചായത്ത് അധികൃതരുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരേ പൊലീസ് എടുത്തിട്ടുള്ള കേസിന്റെ അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യവുമായി രംഗത്തുവരാനാണ് കോൺഗ്രസിന്റെ തീരുമാനം.
മതിയായ യോഗ്യതയില്ലാതെ വ്യാജരേഖ ചമച്ച് പഞ്ചായത്തിൽ അഞ്ചുവർഷം ജോലിചെയ്ത ഡിവൈഎഫ്ഐ നേതാവായിരുന്ന പുതുക്കോട് കിഴക്കേഗ്രാമത്തിലെ ഗണപതിക്കെതിരേയാണ് വടക്കഞ്ചേരി പൊലിസ് കേസെടുത്തിട്ടുള്ളത്. കേസെടുത്ത് ദിവസങ്ങളേറെ കഴിഞ്ഞിട്ടും യുവാവ് ഒളിവിലാണെന്നുപറഞ്ഞ് ഇനിയും അന്വേഷണം വൈകിപ്പിക്കുന്ന സ്ഥിതിയുണ്ടെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റായാണ് ഗണപതി ജോലി ചെയ്തിരുന്നത്. 2021 ജൂലൈ മുതൽ 2026 ജൂലൈ വരെയാണ് കരാറടിസ്ഥാനത്തിൽ ജോലി ചെയ്തത്.
പുതിയ യുഡിഎഫ് ഭരണസമിതി പഞ്ചായത്തിൽ അധികാരത്തിൽ വന്നപ്പോൾ ഗണപതിയുടെ കരാർ പുതുക്കിയിരുന്നില്ല. ഇതിനെതിരേ യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു. ഇത് കൂടുതൽ പരിശോധനകളിലേക്ക് കാര്യങ്ങൾ നീങ്ങി.
അങ്ങനെയാണ് യോഗ്യതയായി പഞ്ചായത്തിൽ യുവാവ് നൽകിയിരുന്നത് വ്യാജരേഖയാണെന്നു കണ്ടെത്തി പഞ്ചായത്ത് അധികൃതർ വടക്കഞ്ചേരി പോലീസിൽ പരാതി നൽകിയത്.
Tags : Nattuvishesham Districtnews Deepikanews Vigilance inspection