പാലക്കാട്: പ്രകൃതിയും മരങ്ങളും ജീവിതത്തിൻറെ ഭാഗമായി കൊണ്ടുനടക്കുന്ന പുതുശേരി നെല്ലിക്കാട് ആലയ്ക്കൽ വീട്ടിൽ ബി. വിമൽ പരിസ്ഥിതി കാവൽക്കാരിലെ വേറിട്ട മുഖമാകുന്നു.
പരിസ്ഥിതിദിനം കലണ്ടറിലെ ഒരു ദിവസമായി ചുരുങ്ങിയ വർത്തമാനകാലത്ത് വർഷംമുഴുവനും പ്രകൃതിയുടെ കാവലാളായി തുടരുകയാണ് ഈ യുവാവ്.
വായു, വെള്ളം, പരിസ്ഥിതി എന്നിവ നന്നായാൽ മനുഷ്യന്റെ ആരോഗ്യവും നന്നാകുമെന്നും ദീർഘായുസ് കൈവരുമെന്നും വിമൽ വിശ്വസിക്കുന്നു.
മലന്പുഴ- പുതുശേരി റോഡിൽ നിരന്നുനിൽക്കുന്ന നൂറുകണക്കിനു തണൽമരങ്ങൾ വിമൽ നട്ടുവളർത്തിയതാണ്.
കൂടാതെ മരുതറോഡ് ടെക്നിക്കൽ സ്കൂൾ പരിസരത്ത് പടർന്നുപന്തലിച്ചുനിൽക്കുന്ന മരങ്ങളും വിമലിന്റെ കരുതലിന്റെ ഫലമാണ്. മരം നടുന്നതിലൊതുങ്ങുന്നില്ല വിമലിന്റെ പ്രയത്നം.
വേനൽക്കാലത്ത് അവയ്ക്ക് വെള്ളവും വളവും നൽകാനും മൃഗങ്ങളിൽനിന്ന് സംരക്ഷിക്കാൻ ട്രീഗാർഡ് ഒരുക്കാനും വിമൽ ശ്രദ്ധിക്കുന്നു. ഉങ്ങ്, പ്ലാവ്, മാവ്, പുളി മരങ്ങളാണ് കൂടുതലായി നട്ടുവളർത്തുന്നത്.
ഓരോ വ്യക്തിയും അവർക്കാവുന്ന രീതിയിൽ പരിസ്ഥിതി സംരക്ഷണം ഏറ്റെടുത്താൽ വർഷംമുഴുവനും പരിസ്ഥിതിദിനമാകുമെന്നാണ് വിമലിന്റെ പക്ഷം.
എന്നാൽ ഇന്ന് പരിസ്ഥിതി സംരക്ഷണം ഫാഷനായി മാറുകയും ഓരോ പരിസ്ഥിതിദിനത്തിലും മുൻവർഷം മരംനട്ട സ്ഥലത്തുതന്നെ വീണ്ടും നടുന്ന അവസ്ഥയുമാണെന്ന് വിമൽ നിരാശയോടെ പറയുന്നു.
ദേശീയപാതയോരത്ത് വാഹനങ്ങളിൽ കൊണ്ടുവന്നു വലിച്ചെറിയുന്ന മാലിന്യങ്ങൾ സ്വന്തം ചെലവിൽ ജെസിബി കൊണ്ടുവന്ന് നീക്കംചെയ്തും വിമൽ മാതൃക കാട്ടിയിട്ടുണ്ട്.
കോരയാർപുഴ സംരക്ഷണത്തിനായി നിരന്തര പോരാട്ടത്തിലാണ് വിമൽ. ഇതിനായി വിവിധ സംഘടനകളുമായി കൈകോർത്ത് പ്രവർത്തിക്കുന്നു. രക്തദാനസേനയിലെ സജീവ അംഗം കൂടിയാണ് വിമൽ.കഴിഞ്ഞ 20 വർഷത്തിനിടെ അയ്യായിരത്തോളം മരങ്ങൾ വിമൽ നട്ടുവളർത്തി വലുതാക്കിയിട്ടുണ്ട്.
റോഡ് വികസനത്തിനായി ഓരോ മരം മുറിക്കുന്പോഴും മറ്റൊരിടത്ത് ഒരു മരം നടുകയെന്ന വാശി വിമലിനുണ്ട്. തന്റെ പ്രവൃത്തികൾക്ക് പ്രോത്സാഹനം നൽകാൻ അധികൃതർ തയാറാകുന്പോഴും സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്ന പരിഭവവും വിമലിനുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനായി സ്തുത്യർഹ സേവനം നടത്തുന്ന വിമലിനു സംസ്ഥാന വനംവകുപ്പിന്റെ 2014 ലെ പ്രകൃതിമിത്ര പുരസ്കാരവും 2023 ലെ വനമിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇവകൂടാതെ നിരവധി ബഹുമതികളും അംഗീകാരങ്ങളും വിമലിനെ തേടിയെത്തി.
സ്വകാര്യമേഖലയിലെ ജോലിയിൽനിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് വിമൽ വലിയ സാമൂഹ്യസേവനം നടത്തുന്നത്.ആദ്യഘട്ടത്തിൽ വീട്ടുകാരിൽ നിന്നും എതിർപ്പുണ്ടായിരുന്നുവെങ്കിലും അച്ഛൻ ബാലകൃഷ്ണനും അമ്മ പത്മാവതിയും ഭാര്യ ബിബിതയും വിമലിന്റെ ഇഷ്ടത്തിനൊപ്പം കൂട്ടുകൂടിക്കഴിഞ്ഞു.
സ്വന്തമായി ഒരു വീടെന്ന സ്വപ്നം അലട്ടുന്പോഴും മനുഷ്യരാശിയുടെ നിലനിൽപിനു പ്രകൃതിയെ പച്ചപ്പണിയിക്കാനുള്ള കഴിഞ്ഞ ഇരുപതുവർഷമായി തുടരുന്ന തന്റെ പ്രയത്നം പരാതികളും പരിഭവവുമില്ലാതെ തുടരുകയാണ് ഈ യുവാവ്.
Tags : nattu vishesham Vimal in harmony nature and trees