മണ്ണൂരിലെ കെ.പി. സുബൈദയുടെ വീട്ടു കിണർ മലിനമായ നിലയിൽ.
മട്ടന്നൂർ: കനത്ത മഴയിൽ മട്ടന്നൂർ മേഖലയിലെ വിവിധ ഭാഗങ്ങളിൽ കയറിയ വെള്ളം താഴുന്നത് ആശ്വാസമായി. വീടുകളിൽ അടക്കം വെള്ളം കയറിയതിനാൽ നിരവധി കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിരുന്നത്. മട്ടന്നൂർ നഗരസഭയിലെ മണ്ണൂർ, ചോലത്തോട്, ഇരിട്ടി നഗരസഭയിലെ വെളിയമ്പ്ര മേഖലയിലാണ് വീടുകളിൽ വെള്ളം കയറിയത്. ശനിയാഴ്ച വൈകുന്നരത്തോടെയാണ് വീടുകളിൽ വെള്ളം കയറി തുടങ്ങിയത്.
മണ്ണൂരിൽ കെ.പി.സുബൈദ, സി. പ്രേമ, ടി. ഉത്തമൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയി രുന്നത്. ഇവരെ ബന്ധുക്കളുടെ വീട്ടിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്. ചോലത്തോട് മേഖലയിലും വീടുക ളിൽ വെള്ളം കയറിയിരുന്നു. ചോലത്തോട്-കൊടോളിപ്രം റോഡിലും ഏക്കർക്കണക്കിന് കൃഷിയിട ങ്ങളിലും വെള്ളം കയറി.
കൊട്ടാരം പ്രദേശത്തെ 20 വീടുകളിൽ വെള്ളക്കെട്ടുണ്ടായിരുന്നു. മഴയുടെ ശക്തി കുറഞ്ഞതിനാൽ ഞായറാഴ്ച രാവിലെയോടെ വീടുകളിൽ കയറിയ വെള്ളം താഴ്ന്നതിനാൽ നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വീടും പരിസരവും വൃത്തിയാക്കി. വീടുകളിലെ കിണറുകളും മലിനമായി. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, വൈസ് ചെയർപേഴ്സൺ ഒ. പ്രീത, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു. കർണാടക വനമേഖലയിലെ ഉരുൾ പൊട്ടലും പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയതുമാണ് ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്.