ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുട്ടാറില്‍ ആളുകളെ ടിപ്പറില്‍ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു.
എടത്വ: കിഴക്കന്‍ വെള്ളത്തിന്റെ വരവും ശമനമില്ലാത്ത മഴയും കാരണം ദുരിതം പേറി കുട്ടനാടന്‍ ജനത. പ്രധാന റോഡുകള്‍ വരെ മുങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത, വീയപുരം- എടത്വ റോഡ്, നീരേറ്റുപുറം-മുട്ടാര്‍ റോഡ്, വീയപുരം-മാന്നാര്‍ റോഡ്, എടത്വ- വേഴപ്ര റോഡ്, എടത്വ- മാമ്പുഴക്കരി റോഡ് ഉള്‍പ്പെടെ വെള്ളത്തിലായതോടെ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി. ഇതോടെ വീടുകളില്‍ വെള്ളം കയറിയ കുടുംബങ്ങളിലെ അംഗങ്ങള്‍ ബന്ധുവീടുകളിലേക്ക് പോകാന്‍ പോലും സാധിക്കാത്ത അവസ്ഥയിലുമായി. വെള്ളത്തിന്റെ വരവ് ശക്തമായതോടെ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിലായത്.
കുട്ടനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഇതിനകം തന്നെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. വെള്ളപ്പൊക്കം മൂലം നിരവധി ആളുകള്‍ വീടുകള്‍ വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വൈദ്യപരിശോധനയ്ക്കായി ആരോഗ്യ വകുപ്പിന്റെ കീഴില്‍ ആശാവര്‍ക്കര്‍മാരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദുരിതം പേറുമ്പോഴും ചില കുടുംബങ്ങള്‍ ക്യാമ്പുകളിലേക്ക് പോകാന്‍ തയ്യാറാകുന്നില്ല. വീടിനുള്ളില്‍ തട്ടിട്ടും കട്ടിലുകള്‍ ഉയര്‍ത്തിവെച്ചും ദുരിതജീവിതം നയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഉള്ളത്.
പാടശേഖരങ്ങള്‍ക്ക് നടുവിലും പുറംബണ്ടിലുമായി താമസിക്കുന്നവര്‍ തികച്ചും ഒറ്റപ്പെട്ട നിലയിലാണ്. ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെ ഒറ്റപ്പെട്ടു കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. വെള്ളപ്പൊക്കം മൂലം വീടുകളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങിയിട്ടുണ്ട്. വൃദ്ധരെയും രോഗികളെയും വള്ളങ്ങള്‍ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
കിടപ്പുരോഗികള്‍ ഉള്‍പ്പെടെ ഉള്ളവരെ റസ്ക്യൂ ടീം അംഗങ്ങള്‍ വള്ളത്തിലെത്തി കരയില്‍ എത്തിക്കുകയും ചെയ്തു. ക്ഷീര കര്‍ഷകരും ഏറെ ദുരിതത്തിലാണ്. റവന്യൂ വകുപ്പ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുമ്പോള്‍ മൃഗസംരക്ഷണ വകുപ്പ് മൗനം പാലിക്കുകയാണെന്ന് ക്ഷീരകര്‍ഷകര്‍ പരാതി പറയുന്നു. കാലിത്തീറ്റകള്‍, വൈക്കോല്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ക്ഷീരകര്‍ഷകരുടെ ആവശ്യം.
ചെറുതും വലുതുമായ വാഹനങ്ങള്‍, കന്നുകാലികള്‍ എന്നിവയെ കരപ്പറ്റുള്ള മേഖലകളിലെ റോഡുകളിലാണ് സംരക്ഷിച്ചിരിക്കുന്നത്. കരപ്രദേശങ്ങള്‍ കുറവായതിനാല്‍ കുട്ടനാട്, അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ പ്രതിസന്ധികള്‍ ഇരട്ടിയിലധികമാണ്. വീടിനകത്ത് മുട്ടിനു മുകളിലാണ് വെള്ളത്തിന്റെ അളവ്. 2018 ന് സമാനമായ രീതിയില്‍ വെള്ളത്തിന്റെ അളവ് വര്‍ധിച്ചുവരുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.്
Tags : Nattuvishesham DistrictNews DeepikaNews Water levels