പ്രതീകാത്മക ചിത്രം
കോട്ടയം: റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമിച്ച രാഷ്ട്രീയ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയതായി ആരോപണം. കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സജി മഞ്ഞക്കടമ്പിലാണ് പരാതിയുമായി രംഗത്തെത്തിയത്.
കരൂര്‍ പഞ്ചായത്ത് പോണാട് ഈസ്റ്റ് കരയോഗത്തിനുസമീപം സ്വകാര്യ വ്യക്തി വെള്ളം ഒഴുകുന്ന ചാല് കെട്ടിയടച്ചതിനെത്തുടർന്ന് റോഡിലൂടെ യാത്ര ചെയ്യാന്‍ സാധിക്കാത്തവിധം വെള്ളക്കെട്ട് ഉണ്ടായപ്പോള്‍ സമീപത്തെ മതിലിനടുത്തുകൂടി വെള്ളം ഒഴുക്കിവിട്ടു. ഇതോടെ റോഡിലെ വെള്ളക്കെട്ട് മാറി യാത്ര സുഗമമായി. ഇതില്‍ പ്രകോപിതനായ സമീപവാസി തന്നെ കള്ളക്കേസില്‍ കുടുക്കുകയാണുണ്ടായതെന്ന് സജി മഞ്ഞക്കടമ്പില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പോലീസ് പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കേസെടുത്തെങ്കിലും താന്‍ തെറ്റ് ചെയ്യാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നില്ലെന്നും സജി പറഞ്ഞു. തനിക്കെതിരേ പാലാ പോലീസ് രജിസ്റ്റര്‍ ചെയ്തത് വ്യാജകേസാണെന്നും സത്യാവസ്ഥ മനസിലാക്കണമെന്നും സജി ആവശ്യപ്പെട്ടു.
വെള്ളം ഒഴുക്കിവിടാന്‍ മതിലിന്റെ ഒരു ഭാഗം പൊളിച്ചതിലുള്ള വൈരാഗ്യമാണ് കേസ് നല്‍കാനിടയാക്കിയതെന്ന് സജി പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും താന്‍ ആരെയും അസഭ്യം പറയുകയോ വസ്ത്രം മാറ്റി കാണിക്കുകയോ ചെയ്തിട്ടില്ലെന്നും സജി പറഞ്ഞു. പോലീസ് സത്യസന്ധമായ അന്വേഷണം നടത്തി തനിക്കെതിരെയുള്ള പോസ്കോ കേസ് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയതായും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews case