ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുന്നിലുള്ള റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്.
കണ്ണൂർ: മഴ പെയ്താൽ റോഡിലെ വെള്ളം ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കാണ് ഒഴുകിയെത്തുന്നത്. ശക്തമായ മഴ കാരണം സ്കൂളിനു മുന്നിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതാണ് ഇതിന് കാരണം. ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഓടകൾ തകരാറിലായതിനാലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നതും വെള്ളം സ്കൂളിലേക്ക് ഒഴുകിയെത്തുന്നതും.
ഓടകൾ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞുകവിഞ്ഞ നിലയിലാണ്. മഴയുള്ള സമയത്ത് വെള്ളക്കെട്ട് കാരണം സ്കൂളിലേക്ക് എത്താൻ പോലും കുട്ടികൾ പ്രയാസപ്പെടുന്നു. സ്കൂൾ പരിസരത്തേക്ക് വെള്ളവും ചെളിയും ഒഴുകിയെത്തുന്നതും വിദ്യാർഥികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതുവഴിയുള്ള കാൽനട യാത്രയും പരിതാപകരമാണ്.
കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തും സമീപത്തെ കടകളിലേക്കും വെള്ളം തെറിക്കുന്നതും പാതയിൽ ചെളി നിറഞ്ഞതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവാണ്. വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ പതിയെ സഞ്ചരിക്കുന്നതിനാൽ ഗതാഗതക്കുരിക്കും ഉണ്ടാകാറുണ്ട്. പലതവണ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ വേണ്ട നടപടികൾ ഒന്നുംതന്നെ സ്വീകരിച്ചിട്ടില്ല.
Tags : Waterlogging