പാലാ: അന്തര്‍ദേശീയ മയക്കുമരുന്ന് മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവില്‍നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷന് തൂഫാന് ആരംഭിച്ചതെന്നും ലഹരി മാഫിയയുടെ വേരറക്കുന്നതുവരെ ഓപ്പറേഷന് തൂഫാന് തുടരുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കതിരേ സര്‍ക്കാര്‍ നടത്തിവരുന്ന ഓപ്പറേഷന് തൂഫാന് ദ നാര്‍കോ ഹണ്ടിന്റെ ഭാഗമായി പാലാ ചാവറ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ലഹരിവിരുദ്ധ ബഹുജന സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഇന്ന് മയക്കുമരുന്നിന്റെ കേന്ദ്രമായി മാറിക്കഴിഞ്ഞു. അന്തര്‍ദേശീയ മയക്കുമരുന്ന് ലോബി കേരളത്തെ വരിഞ്ഞുമുറുക്കുകയാണ്.
കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും കേരളത്തിലേക്ക് ലഹരി എത്തുന്നുണ്ട്. ഓപ്പറേഷന് തൂഫാന് ആരംഭിച്ചിട്ട് ഇന്ന് 50 ദിവസം തികയുകയാണ്. ഇതിനകം 7,600 ലധികം പേരെ അറസ്റ്റ് ചെയ്തു. 6,500 ലധികം കേസുകള്‍ എടുത്തു. മയക്കുമരുന്നിനടിമകളായ ഒട്ടേറെപ്പേരെ ചികിത്സയ്ക്ക് വിധേയരാക്കിയെന്നും അദ്ദേഹം അറിയിച്ചു.
നേരത്തേ സ്കൂള്‍ അങ്കണത്തില്‍ ആഭ്യന്തര മന്ത്രി ഓപ്പറേഷന് തൂഫാന് പതാക ഉയര്‍ത്തി.
മന്ത്രി മോന്‍സ് ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഏറ്റവും അനിവാര്യമായ ഇടപെടലായാണ് ജനങ്ങള്‍ ഓപ്പറേഷന് തൂഫാനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
നാട്ടകം സുരേഷ് എംഎല്‍എ, ജില്ലാ പോലീസ് മേധാവി സാബു മാത്യു, ചാവറ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട്, ഫില്‍സണ്‍ മാത്യൂസ്, ബിജു പുന്നത്താനം, ഫാ. പോള്‍സണ്‍ ജോസഫ്, ഫാ. ജോബി അലക്സ്, സിബി പുത്തേട്ട് എന്നിവര്‍ പ്രസംഗിച്ചു.